മീ ടു ക്യാമ്പയിന് ഇന്ന് ഒരു വയസ്
ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്.
റിവേറ്റവരുടെ മുന്നേറ്റമെന്ന് അറിയപ്പെടുന്ന മീ ടു ക്യാമ്പയിന് ഇന്ന് ഒരു വയസ്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്. പിന്നീടത് ബോളിവുഡും കടന്ന് രാജ്യത്തെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവത്തകരെയും പിടിച്ചു കുലുക്കി കേരളത്തിലുമെത്തി.
എന്നെങ്കിലും നിങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ മീടൂ എന്ന് സ്റ്റാറ്റസിടുക. നമുക്കീ ലോകത്തെ അറിയിക്കണം , എത്രമാത്രം വ്യാപിച്ചിരിക്കുന്നു ഈ പ്രശ്നമെന്ന്. ഹോളിവുഡ് നടി അലീസ മിലാനോ 2017 ഒക്ടോബര്‍ 15 ന് ഇട്ട ട്വീറ്റ് ചാരത്തില്‍ പുതഞ്ഞു കിടന്ന തീപ്പൊരി പോലെയായിരുന്നു. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം ഹാഷ്ടാഗ് ഉപയോഗിച്ചത് 47 ലക്ഷം പേര്. ഒരു മാസം കഴിഞ്ഞാണ് ഇന്ത്യയില്‍ ക്യാമ്പയിന്‍ എത്തിയത്.യുഎസിൽ നിയമവിദ്യാർഥിയായ റായ സർക്കാർ , പുറത്തുവിട്ട മീ ടു വില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന 60-ഓളം പ്രമുഖരുടെ പേരും പീഡന കഥകളുമുണ്ടായിരുന്നു.പിന്നാലെ ബോളിവുഡ് താരം തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ തുടങ്ങിവെച്ച വെളിപ്പെടുത്തല്‍ കാട്ടു തീ പോലെ പടര്‍ന്നു. കേന്ദ്രമന്ത്രി എം.ജെ അക്ബറിന്റെ കസേരയിളകുന്നതിന്റെ അടുത്ത് വരെ എത്തിച്ചു മീ ടൂ. മാധ്യമപ്രവര്‍ത്തകരും മീ ടൂവിന്റെ ചൂടറഞ്ഞവരിലുണ്ട്.
നടനും എം.എല്‍.എയുമായ മുകേഷിനെതിരെ സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ്സ് ജോസഫ് ഉന്നയിച്ച ആരോപണം സജീവ ചര്‍ച്ചയാണിപ്പോഴും. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന പദ്മിനിയും ക്യാമ്പയിന്റെ ഭാഗമായി തുറന്ന് പറച്ചില്‍ നടത്തി. ഒരു സുപ്രഭാതത്തില്‍ വൈരാഗ്യമുള്ള പുരുഷനെതിരെ യാതൊരു തെളിവുമില്ലാതെ സോഷ്യല്‍ മീഡിയകള്‍ വഴി കരി വാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദങ്ങളും ഇതിനിടെ ഉയരുന്നുണ്ട്.പലരും ചേര്‍ന്ന് മിണ്ടാട്ടം മുട്ടിച്ചവര്‍ക്ക് വാ തുറന്ന് കാര്യങ്ങള്‍ പറയാന്‍ കിട്ടിയ ചങ്ങാതിയാണ് മീടു ക്യാമ്പയിനും സോഷ്യല്‍ മീഡിയകളുമെന്ന അഭിപ്രായമാണ് പൊതുവായി എല്ലാവരും പങ്കുവയ്ക്കുന്നത്.