വായ്പാതട്ടിപ്പ് നടത്തിയ വ്യവസായികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി രേഖകള്‍

2015 ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയത്.

Update: 2018-11-01 11:18 GMT

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ വായ്പ തട്ടിപ്പ് നടത്തിയ വ്യവസായികളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നതായി രേഖകള്‍. 2015 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയത്. എന്നാല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് തൊട്ടടുത്ത വര്‍ഷമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ വായ്പ എടുത്ത് തിരിച്ചടക്കാത്ത വ്യവസായികളുടെ വിവരങ്ങള്‍ കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ ധനമന്ത്രിക്കും 2015 ഫെബ്രുവരി നാലിന് സമാന ലിസ്റ്റ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കിയിരുന്നു. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

Advertising
Advertising

ഈ വര്‍ഷം സെപ്റ്റംബര്‍ ആറിന് പാര്‍ലമെന്‍ററി എസ്റ്റിമേറ്റ് കമ്മിറ്റിക്ക് മുമ്പാകെ രഘുറാം രാജന്‍ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ നിഷ്ടക്രിയ ആസ്തിയെ(Actuative assets) കുറിച്ചുള്ള 17 പേജുള്ള റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഇത് ഏത് പ്രധാനമന്ത്രിയെയാണെന്ന തര്‍ക്കം നിലനിന്നിരുന്ന സാഹചര്യത്തിലാണ്. മന്‍മോഹന്‍സിങിനല്ല നരേന്ദ്രമോദിക്ക് തന്നെയാണ് ഈ വിവരങ്ങള്‍ കൈമാറിയതെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ഔദ്യോഗികമായി അറിയിക്കുന്നത്.

എന്നാല്‍ തട്ടിപ്പുകാരുടെ വിവരങ്ങള്‍ ലഭിച്ച ശേഷം എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ നിയമപ്രകാരം ആര‌ാഞ്ഞെങ്കിലും മറുപടി നല്‍കാനാകില്ലെന്നായിരുന്നു പ്രതികരണം. ഇക്കാര്യങ്ങള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട്. തട്ടിപ്പുകാരുടെ വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറിയതിന് ശേഷമാണ് പലരും വിദേശത്തേക്ക് കടന്നതെന്ന വിമര്‍ശനവും ഈ സാഹചര്യത്തില്‍ ശക്തമായി.

Tags:    

Similar News