താജ്‍മഹലിലെ പള്ളിയില്‍ പൂജ നടത്തി ഹിന്ദുത്വവാദി സ്ത്രീകള്‍

നേരത്തെ ഇവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിസ്‍കാരം നിരോധിച്ചിരുന്നു. 

Update: 2018-11-18 06:52 GMT
Advertising

താജ്‍മഹലിലെ പള്ളിയില്‍ പൂജ നടത്തി ഹിന്ദുത്വവാദ സംഘടനയിലെ സ്ത്രീകള്‍. താജ്‍മഹല്‍ ശിവ ക്ഷേത്രമാണെന്ന വാദം ഉന്നയിച്ചായിരുന്നു പൂജ. താജ്‍മഹല്‍ തേജോമഹാലയ എന്ന ശിവ ക്ഷേത്രമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇവിടെ പൂജ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും വാദിച്ചായിരുന്നു സംഘപരിവാറിന്റെ നീക്കം.

ശനിയാഴ്ച ഇവിടെ പൂജ നടത്തിയതില്‍ പ്രാദേശിക തലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ ഇവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിസ്‍കാരം നിരോധിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയായിരുന്നു രാഷ്ട്രീയ ബജ്റംഗ് ഗളിന്റെ വനിതാ വിഭാഗം അംഗങ്ങള്‍ ഇവിടെ പൂജ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഗംഗാ ജലവുമായി എത്തിയ മൂന്നു സ്ത്രീകള്‍ ഓം നമ ശിവായ ചൊല്ലിയായിരുന്നു ഇവിടെ പൂജ നടത്തിയത്. സുരക്ഷാ മേഖലയായ താജ്‍മഹലില്‍ നടന്ന പൂജ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ ഇവിടെ ആരതി എടുക്കുകയും പൂജ നടത്തുകയും ചെയ്തുവെന്നും ഇവിടം ഗംഗാജലം തളിച്ച് ശുദ്ധിയാക്കിയെന്നും ആര്‍.ബി.ഡി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മീര ദിവാകര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ എന്തു നടപടിയും നേരിടാന്‍ തയാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Full View

അതീവ സുരക്ഷാ മേഖലയായ താജ്‍മഹലില്‍ പ്രവേശിക്കുന്നതിന് മുമ്പ് കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. തീപ്പെട്ടി അടക്കമുള്ള വസ്തുക്കള്‍ താജ്‍മഹലിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ എങ്ങനെ ഈ സാധനങ്ങളുമായി താജ്‍മഹലില്‍ പ്രവേശിച്ചുവെന്ന ചോദ്യം ആശങ്കയുണര്‍ത്തുന്നതാണ്. നിലവില്‍ താജ്‍മഹലിലെ പള്ളിയില്‍ പ്രദേശവാസികള്‍ക്ക് വെള്ളിയാഴ്ച ദിവസത്തെ ജുമഅ നിസ്‍കാരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് ഇപ്പോള്‍ പൂജ നടത്തിയ ശക്തി തെളിയിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്.

Tags:    

Similar News