ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ എങ്ങനെ?

ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്ക് കേന്ദ്രസർക്കാർ ഇ- മൈഗ്രേറ്റ് രജിസ്‌ട്രേഷൻ നിര്‍ബന്ധം.

Update: 2018-11-27 02:33 GMT

ഗൾഫ്  ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്ക് കേന്ദ്രസർക്കാർ ഇ- മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തി. പുതിയതായി തൊഴിൽ വിസയിൽ പോകുന്നവർ മാത്രമല്ല, നിലവിൽ ഈ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവരും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അതേസമയം സന്ദർശക, ബിസിനസ്, തീർഥാടക വിസകളിൽ പോകുന്നവരും, ഫാമിലി വിസയിൽ വിദേശത്ത് എത്തി ജോലി ചെയ്യുവന്നവരും രജിസ്‌റ്റര്‍ ചെയ്യേണ്ടതില്ല.

ഏതെല്ലാം രാജ്യങ്ങളിലേക്ക് പോകുന്നവര്‍ രജിസ്‍റ്റര്‍ ചെയ്യണം?

ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്‌ലൻഡ്, യെമൻ, ലിബിയ, ഇന്തൊനേഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, ലബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് രജിസ്ട്രേഷന്‍ ആവശ്യം.

Advertising
Advertising

രജിസ്‌ട്രേഷൻ എന്നു വരെ ചെയ്യാം? ചെയ്യേണ്ട വിധം

യാത്രയ്ക്ക് 21 ദിവസം മുമ്പ് മുതൽ തലേന്നു വരെ രജിസ്റ്റർ ചെയ്യാം. പാസ്പോർട്ട് ഉടമ തന്നെയാണ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചേ രജിസ്‌ട്രേഷൻ സാധ്യമാകൂ. https://emigrate.gov.in/ എന്ന വെബ്‌സൈറ്റിൽ ഇ.സി.എൻ.ആർ രജിസ്‌ട്രേഷൻ രജിസ്റ്റർ ചെയ്യുന്നയാളുടെ മൊബൈൽ നമ്പർ നൽകുക. ഈ നമ്പറിലേക്ക് ഒ.ടി.പി മെസേജ് ലഭിക്കും.

പാസ്പോർട്ട് നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, ജോലിചെയ്യുന്ന രാജ്യം, പ്രഫഷൻ, വിസ തുടങ്ങി നാട്ടിലും വിദേശത്തും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങള്‍ നൽകണം.

വിവരങ്ങള്‍ സബ്മിറ്റ് ചെയ്താൽ രജിസ്റ്റർ ചെയ്യാനുപയോഗിച്ച നമ്പറിലേക്ക് സ്ഥിരീകരണ സന്ദേശമെത്തും. റിക്രൂട്ടിങ് ഏജൻസി വഴി പുതിയ തൊഴിൽ വിസയിൽ പോകുന്നവർ ഏജന്റിന്റെ വിശദാംശങ്ങൾ നൽകണം. തൊഴിൽ സ്ഥാപനം മാറിയാൽ പുതിയ രജിസ്‌ട്രേഷൻ ആവശ്യമായി വരും. അതേസമയം വിസ പുതുക്കുമ്പോൾ രജിസ്ട്രേഷൻ പുതുക്കേണ്ട.

ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ എന്തിന്?

വിദേശ തൊഴിൽസുരക്ഷ ഉറപ്പാക്കാനാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. തൊഴിൽ വിസയിൽ വിദേശ രാജ്യങ്ങളിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിശദവിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.

ഇ-മൈഗ്രേറ്റ് രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന് ലഭിക്കുന്ന എസ്എംഎസ്, ഇ-മെയിൽ സന്ദേശങ്ങൾ ജനുവരി 1 മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കാണിക്കേണ്ടി വരും. രജിസ്റ്റർ ചെയ്യാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

ഇ.സി.എൻ.ആർ വിഭാഗത്തിലേക്കു മാറിയവരും ഇത്തരത്തില്‍ ഇ- മൈഗ്രേറ്റ് വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. മുമ്പ് ഇ.സി.ആർ പാസ്‌പോർട്ടായിരുന്നവർ മൂന്നു വർഷത്തിൽ കൂടുതൽ വിദേശത്തു താമസിച്ചാലോ, നാട്ടിൽ ആദായനികുതി അടയ്ക്കുന്നുണ്ടെങ്കിലോ ഇ.സി.എൻ.ആർ വിഭാഗത്തിലേക്കു മാറും.

കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ ടോൾഫ്രീ നമ്പറിലോ(1800113090) helpline@mea.gov.in എന്ന സൈറ്റിലോ ബന്ധപ്പെടാം.

Full View
Tags:    

Similar News