രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദനയായി വിമതശല്യം

പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയ 28 പേരെ കോണ്‍ഗ്രസ് പുറത്താക്കി.

Update: 2018-11-27 02:06 GMT

രാജസ്ഥാനില്‍ ബി.ജെ.പിക്ക് പിന്നാലെ കോണ്‍ഗ്രസിനും തലവേദനയായി വിമത സ്ഥാനാര്‍ത്ഥി ശല്യം. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയ 28 പേരെ കോണ്‍ഗ്രസ് പുറത്താക്കി. മുന്‍ കേന്ദ്രമന്ത്രിയും 9 എം.എല്‍.എമാരും ഇക്കൂട്ടത്തിലുണ്ട്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയിലാണ് രാജസ്ഥാനില്‍ ആദ്യമായി വിമതശല്യം ഉടലെടുത്തത്. 11 വിമതരെ ബി.ജെ.പി പുറത്താക്കി. എന്നാല്‍ സംസ്ഥാനത്ത് വിജയമുറപ്പിച്ചെന്ന പോലെ തികഞ്ഞ ആത്മവിശ്വാസത്തില്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് 28 വിമതന്‍മാര്‍ രംഗത്തെത്തി‍. മുന്‍ കേന്ദ്ര സഹമന്ത്രി മഹാദേവ് സിംഗ് കന്ദേലയാണ് ഇവരില്‍ പ്രമുഖന്‍. സനിയാം ലോധ, നാഥൂറാം സിനോദിയ തുടങ്ങി 9 എം.എല്‍.എമാരും കൂട്ടത്തിലുണ്ട്. ഗുജ്ജര്‍, ജാട്ട് മീണ അടക്കമുള്ള പ്രമുഖ ജാതി വിഭാഗങ്ങളില്‍ ഇവര്‍ക്ക് സ്വാധീനം ശക്തം. പത്ത് മണ്ഡലങ്ങളിലെങ്കിലും വിമതരുടെ സാന്നിധ്യം തിരിച്ചടിനല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും സൂചിപ്പിക്കുന്നു.

Advertising
Advertising

എന്നാല്‍ ബി.ജെ.പിയുടെ വസുന്ധര സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം എല്ലാ പ്രതിബന്ധങ്ങളും അസ്ഥാനത്താക്കി വിജയം സമ്മാനിക്കുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി . അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിതള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം കര്‍ഷകരെ സ്വാധീനിച്ചേക്കും. 200 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഡിസംബര്‍ 7 നാണ് വോട്ടെടുപ്പ്. 11ന് ഫലമറിയും.

Tags:    

Similar News