ഗജ നാശം വിതച്ചിട്ട് രണ്ടാഴ്ച്ച; ദുരിത ബാധിതര്‍ ഇപ്പോഴും തെരുവില്‍ തന്നെ
തഞ്ചാവൂര്‍ അടക്കമുള്ള ജില്ലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും തെരുവോരങ്ങളിലാണ് ഇപ്പോഴും കഴിയുന്നത്
‘ഗജ’ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടിട്ടും തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ ജനങ്ങളുടെ ദുരിതം തുടരുന്നു. ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമെന്ന് സ്ഥലം സന്ദര്‍ശിച്ച ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറയുന്നു. തഞ്ചാവൂര്‍ അടക്കമുള്ള ജില്ലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും തെരുവോരങ്ങളിലാണ് ഇപ്പോഴും കഴിയുന്നത്. തീരദേശ വാസികൾക്ക് ജീവിതമാർഗമായ മത്സ്യ ബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു.
തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ ഗജ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടെങ്കിലും, ദുരിത ബാധിതരായ ജനങ്ങള്‍ ഇപ്പോഴും വീടും വസ്ത്രങ്ങളും ഭക്ഷണവുമില്ലാതെ തെരുവുകളില്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസ സംവിധാനങ്ങളൊരുക്കാനോ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാനോ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പരിതാപകരമായ സ്ഥിതിയാണ് ഗജ ബാധിത പ്രദേശങ്ങളില്‍ കാണാനായതെന്ന് കഴിഞ്ഞ ദിവസം തഞ്ചാവൂര്‍ ജില്ലയില്‍ ദുരിതാശ്വാസ സാമഗ്രികളുമായി സന്ദര്‍ശനം നടത്തിയ കേരളത്തില്‍ നിന്നുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു.
കേരളത്തലുണ്ടായ പ്രളയത്തിന് സമാനമായ അവസ്ഥയാണ് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലേതെങ്കിലും ഗജ ദുരന്തം അതുപോലെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ ജില്ലകളിലെ ജനങ്ങളുടെ ദുരിതം ഇതുവരെ ഗൗരവത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല.