രാജസ്ഥാനും തെലങ്കാനയും നാളെ വിധി എഴുതും
കോണ്‍ഗ്രസുമായി ഇഞ്ചോടിച്ച് പോരടിക്കുകയാണ് രാജസ്ഥാനില്‍ ബി.ജെ.പി. തെലങ്കാനയില്‍ പരസ്യപ്രചാരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മുന്‍തൂക്കം.
രാജസ്ഥാനും തെലങ്കാനയും നാളെ വിധി എഴുതും. നിശ്ശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസുമായി ഇഞ്ചോടിച്ച് പോരടിക്കുകയാണ് രാജസ്ഥാനില്‍ ബി.ജെ.പി. തെലങ്കാനയില്‍ പരസ്യപ്രചാരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മുന്‍തൂക്കം.
അഞ്ചിടത്തെ അങ്കത്തിന് നാളെ വിരാമമാകും. ഇനി വിധി എഴുതാന്‍ ബാക്കി യുള്ള രാജസ്ഥാനിലെയും തെലങ്കാനയിലെയും വോട്ടര്‍മാര്‍ നാളെ രാവിലെ 8 മണിയോടെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 200 സീറ്റുള്ള രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചരണ രംഗത്ത് തുടക്കത്തില്‍ ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അവസാന ഘട്ടത്തില്‍ ബി.ജെ.പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇഞ്ചോടിച്ച് പോരാട്ടത്തിലേക്ക് വഴിമാറിയതാണ് ഇപ്പോഴത്തെ കാഴ്ച. എങ്കിലും ഗുജ്ജര്‍, ജാട്ട്, മീണ അടക്കമുള്ള പ്രബല ജാതി വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമുള്ള ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
പ്രാദേശിക രാഷ്ട്രീയ വാദത്തിന്‍റെ പരീക്ഷണക്കളമായ തെലങ്കാനയിലുള്ളത് 119 മണ്ഡലങ്ങള്‍. എല്ലാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ ടി.ആര്‍.എസ് പ്രരസ്യ പ്രചാരണത്തില്‍ ആധിപത്യം പുലര്‍ത്തി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് ടി.ആര്‍.എസ് കണക്ക് കൂട്ടുന്നു. എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായും -സി.പി.ഐയുമായും സഖ്യം ചേര്‍ന്നത് ഗുണം ചെയ്യുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലണ് കോണ്‍ഗ്രസ്. രാഹുല്‍, സോണിയ അടക്കമുള്ള പ്രമുഖര്‍ പലതവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തി. സംസ്ഥാനത്ത് ഒരു അനുകൂല ഘടകത്തിന്‍റെയും പിന്‍ബലമില്ലാതെയാണ് ബി.ജെ.പി യുടെ പോരാട്ടം.