സമ്മര്‍ദം മുറുകി; വനിതാ റിപ്പോര്‍ട്ടറെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലായ റിപ്പബ്ളിക് ടിവി മാധ്യമപ്രവര്‍ത്തകനെ പൊലീസ് വിട്ടയച്ചു
പീഡനത്തിന് ഇരയായ വനിതാ റിപ്പോര്‍ട്ടറുടെ പരാതിയില്‍ ഡിസംബര്‍ ഒന്നിന് രാത്രിയാണ് അസം പൊലീസ് റിപ്പബ്ളിക് ടി.വിയുടെ കറസ്‌പോണ്ടന്‍റായ അനിരുദ്ധ ഭകത് ചൗടിയയെ കസ്റ്റഡിയിലെടുത്തത്.
വനിതാ മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ശാരീരികമായും ലൈംഗികമായും ആക്രമിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലായ റിപ്പബ്ളിക് ടി.വി റിപ്പോര്‍ട്ടറെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടയച്ചതായി ആരോപണം. അസമിലാണ് സംഭവം.
പീഡനത്തിന് ഇരയായ വനിതാ റിപ്പോര്‍ട്ടറുടെ പരാതിയില്‍ ഡിസംബര്‍ ഒന്നിന് രാത്രിയാണ് അസം പൊലീസ് റിപ്പബ്ളിക് ടി.വിയുടെ കറസ്‌പോണ്ടന്‍റായ അനിരുദ്ധ ഭകത് ചൗടിയയെ കസ്റ്റഡിയിലെടുത്തത്. ഗുവാഹത്തിയിലെ ദിസ്‍പര്‍ പൊലീസ് സ്റ്റേഷനിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ വനിതാ റിപ്പോര്‍ട്ടര്‍ പരാതി നല്‍കിയത്. ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അനിരുദ്ധയുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തക പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ അനിരുദ്ധ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ജോയനഗറിലെ ഒരു വീട്ടില്‍ എത്തിച്ച ശേഷം ശാരീരികമായും ലൈംഗികമായും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. അനിരുദ്ധക്കെതിരെ 354, 341, 392, 323, 506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമായതോടെ അനിരുദ്ധയെ വിട്ടയക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് സൂചനകള്‍.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ ആണ് അനിരുദ്ധയെ പൊലീസ് വിട്ടയച്ചതെന്നും പരാതിക്കാരി പറഞ്ഞു. അനിരുദ്ധക്കെതിരെ 354 വകുപ്പ് ചുമത്തിയ ശേഷവും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കാതെ വിട്ടയച്ചത് ചട്ടവിരുദ്ധമാണെന്ന് പരാതിക്കാരി പറഞ്ഞു. ഡിസംബര്‍ ഒന്നിന് രാത്രി തന്‍റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് താന്‍ രക്ഷപെട്ടതെന്നും പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി എഴുതിക്കൊടുക്കാനുള്ള ശേഷി പോലും തനിക്കുണ്ടായിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. തന്‍റെ ശരീരത്തിലുണ്ടായിരുന്ന മുറിവേറ്റ അടയാളങ്ങള്‍ പോലും പൊലീസ് രേഖപ്പെടുത്തിയില്ല. കേസിനെ അവര്‍ ആദ്യം മുതല്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. തന്നെ മെഡിക്കല്‍ പരിശോധനക്ക് അയച്ചില്ലെന്നും അവര്‍ പറഞ്ഞു.