ഹിന്ദി ഹൃദയഭൂമിയില്‍ കാലിടറി ബി.ജെ.പി; കോണ്‍ഗ്രസിന് വന്‍മുന്നേറ്റം
ഛത്തീസ്‍ഗഢില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിച്ചു. രാജസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 15 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഫോട്ടോ ഫിനിഷിങിലേക്ക് നീങ്ങുകയാണ്
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഛത്തീസ്‍ഗഢില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിച്ചു. രാജസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 15 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഫോട്ടോ ഫിനിഷിങിലേക്ക് നീങ്ങുകയാണ്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി.
ഒന്നര പതിറ്റാണ്ടായി ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്‍ഗഢില്‍ വന്‍ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. 90 സീറ്റുള്ള ഛത്തീസ്‍ഗഢില്‍ 60ല്‍ അധികം സീറ്റിന് കോണ്‍ഗ്രസ് മുന്നിലാണ്. 21 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്. എട്ട് സീറ്റില്‍ മുന്നിലെത്തിയ ബി.എസ്.പി മികച്ച നേട്ടമുണ്ടാക്കി.
200 സീറ്റുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. രാജസ്ഥാനില്‍ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകളില്‍ പകുതിയും ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലൂടെ ശ്രദ്ധയാകര്‍ഷിച്ച സി.പി.എം രണ്ട് സീറ്റില്‍ വിജയത്തിനരികിലാണ്. നാല് സീറ്റില്‍ മുന്നിലുള്ള ബി.എസ്.പിയും രാജസ്ഥാനില്‍ നേട്ടമുണ്ടാക്കി.
മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. വോട്ടെണ്ണല്‍ തുടരുന്ന മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. എങ്കിലും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഇരട്ടിയിലേറെ സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലുണ്ട്. മൂന്ന് സീറ്റുകളില്‍ ഇവിടെ ബി.എസ്.പി ലീഡ് ചെയ്യുന്നു.
119 സീറ്റുള്ള തെലങ്കാനയില്‍ 90 സീറ്റിലും കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ ടി.ആര്‍.എസ് വിജയം ഉറപ്പാക്കി. അഞ്ച് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് രണ്ട് സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. മിസോറാമില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് മിസോ നാഷണല്‍ ഫ്രണ്ട് അധികാരം പിടിച്ചു.