മോദി മന്ത്രിസഭയെ റബ്ബര്‍ സ്റ്റാമ്പാക്കി; പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചു: കുശ്‍വാഹ
ആര്‍.എസ്.എസ് അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ഉപേന്ദ്ര കുശ്‍വാഹ വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയെ റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റിയെന്ന് കേന്ദ്ര മന്ത്രിസ്ഥാനം രാജി വെച്ച രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്‍വാഹ. പിന്നാക്ക വിഭാഗങ്ങളെ മോദി വഞ്ചിച്ചു. ആര്‍.എസ്.എസ് അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും കുശ്‍വാഹ വിമര്‍ശിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍.ഡി.എ തകര്‍ന്നടിയും. ബിഹാറില്‍ ലോക്സമതാ പാര്‍ട്ടി ആര്‍.ജെ.ഡിയുമായി കൈകോര്‍ക്കുമെന്നും കുശ്‍വാഹ വ്യക്തമാക്കി.
എന്‍.ഡി.എക്ക് തിരിച്ചടി നല്‍കി ഇന്നലെയാണ് മാനവവിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്‍വാഹ രാജിവെച്ചത്. ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു രാജി. മുന്നണിയിലെ അവഗണന ഇനിയും സഹിക്കാനാകില്ലെന്നും കുശ്‍വാഹ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഉപേന്ദ്ര കുശ്‍വാഹയുടെ തീരുമാനം. ബിഹാറില്‍ നിതീഷ് കുമാറും ബി.ജെ.പിയും തുല്യമായി സീറ്റ് വിഭജനം നടത്താമെന്ന ധാരണയിലെത്തിയപ്പോള്‍ അതിന് വില നല്‍കേണ്ടി വന്നത് ഉപേന്ദ്ര കുശ്‍വാഹയുടെ പാര്‍ട്ടിയാണ്. രണ്ട് സീറ്റില്‍ കുടുതല്‍ മത്സരിക്കാനായി നല്‍കില്ലെന്നായിരുന്നു കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ മത്സരിച്ച ലോക്സമതാ പാര്‍ട്ടിയെ അമിത് ഷാ അറിയിച്ചത്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ഒരു മിനിറ്റ് പോലും ക്യാബിനെറ്റില്‍ തുടരാനാകില്ലെന്ന് കുശ്‍വാഹ വ്യക്തമാക്കി.
ബി.ജെ.പിക്കൊപ്പം നിതീഷ് കുമാറും തന്‍റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് കുശ്‍വാഹ ആരോപിച്ചു. ലോക്സമതാ പാര്‍ട്ടി എന്‍.ഡി.എ വിട്ടതോടെ ബി.ജെ.പി പിന്നോക്ക വിഭാഗത്തിനെതിരാണെന്ന പ്രതിപക്ഷ ആരോപണത്തിന് മൂര്‍ച്ചയേറും.