സൈനയും കശ്യപും വിവാഹിതരായി
ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഈ മാസം 21 ന് ആഘോഷമായ വിവാഹസല്‍ക്കാരം നടക്കും.
പത്തു വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷം ദേശീയ ബാഡ്മിന്റന്‍ താരങ്ങളായ സൈന നെഹ്‌വാളും പാരുപ്പള്ളി കശ്യപും വിവാഹിതരായി. ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഈ മാസം 21 ന് ആഘോഷമായ വിവാഹസല്‍ക്കാരം നടക്കും.
2005ല്‍ പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റന്‍ അക്കാദമിയില്‍ വച്ചു കണ്ടുമുട്ടിയ ഇരുവരും പിന്നീട് തങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രണയം അതീവ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഉറ്റ സുഹൃത്തുക്കള്‍ക്കു മാത്രമേ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുള്ളൂ. ആസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ശേഷം കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് സൈന തുറന്നുപറഞ്ഞിരുന്നു. ഒളിമ്പിക്‌സില്‍ വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുള്ള താരമാണ് സൈന.
അതേസമയം, 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തിയിട്ടുള്ള താരമാണ് കശ്യപ്. 2014ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി. 2005 മുതൽ ഇരുവരും ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിലാണ് ഒരുമിച്ച് പരിശീലനം നടത്തുന്നത്.