വ്യോമസേന മേധാവി കള്ളം പറയുന്നെന്ന് വീരപ്പമൊയ്‌ലി
എച്ച്.എ.എല്ലിന്റെ ഈ രംഗത്തെ വൈദഗ്ധ്യം എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവ അംഗീകരിച്ചതാണ്. ഇപ്പോള്‍ നിലപാട് മാറ്റിയത് സര്‍ക്കാറിന് വേണ്ടിയാണെന്നും വീരപ്പമൊയ്‌ലി
റഫാല്‍ വിവാദത്തില്‍ വ്യോമസേനാ മേധാവിക്കെതിരെ കോണ്‍ഗ്രസ്. വ്യോമസേനാ മേധാവി ബി.എസ് ധനോവ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്ന് വീരപ്പമൊയ്ലി ആരോപിച്ചു. നേരത്തെ എച്ച്.എ.എല്ലിന്റെ ശേഷി സാക്ഷ്യപ്പെടുത്തിയ ധനോവ ഇപ്പോള്‍ കള്ളം പറയുകയാണെന്നാണ് മൊയ്ലിയുടെ ആരോപണം.
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് വീരപ്പമൊയ്ലിയുടെ വിമര്‍ശം. യു.പി.എ കരാര്‍ പ്രകാരം 108 വിമാനങ്ങള്‍ എച്ച്.എ.എല്‍ ആയിരുന്നു നിര്‍മിക്കേണ്ടിയിരുന്നത്. എച്ച്.എ.എല്ലിന്റെ ശേഷിയും വൈദഗ്ധ്യവും ദസോള്‍ട്ടും വ്യോമസേന മേധാവി ബി.എസ് ധനോവയും നേരിട്ടുപരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോള്‍ നിലപാട് മാറ്റിപ്പറയുന്ന വ്യോമസേന മേധാവി കള്ളംപറയുകയാണെന്നും മൊയ്ലി പറഞ്ഞു.
ഇതോടെ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ വ്യോമസേനാ മേധാവിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ റാഫേല്‍ കേസില്‍ ശരിയായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് വ്യോമസേന മേധാവി പറഞ്ഞിരുന്നു. പ്രതിരോധ ഇടപാടുകളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെടുന്ന ഭരണപക്ഷത്തെ കൂടുതല്‍ പ്രകോപിക്കുന്നതാണ് വീരപ്പമൊയ്‌ലിയുടെ ആരോപണം.