‘ജയിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിരവധി പേരെത്തും, പരാജയത്തിന് ആരും കാണില്ല’; ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി
നിയമസഭ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിജയിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിരവധി പേരെത്തും. പരാജയത്തിന് ഉത്തരവാദികളുണ്ടാകാറില്ല. പരാജയം കൂടി ഏറ്റെടുക്കാന്‍ തയ്യാറാകുമ്പോഴേ സംഘടനയോടുള്ള കൂറ് വ്യക്തമാകൂ എന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശം.
പൂനെയില്‍ ജില്ലാ സഹകരണ ബാങ്ക് അസോസിയേഷന്‍ ലിമിറ്റഡ് സംഘടിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വിമര്‍ശം. വിജയിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിരവധി നേതാക്കളെത്തും. പരാജയപ്പെടുമ്പോള്‍ അതുണ്ടാകാറില്ലെന്ന് മാത്രമല്ല പരസ്പരം കുറ്റപ്പെടുത്താന്‍ ആരംഭിക്കും. പരാജയവും വിജയവും ഒരു പോലെ ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
രാഷ്ട്രീയത്തില്‍ തോല്‍വി ഉണ്ടാകുമ്പോള്‍ സിമിതി രൂപീകരിക്കുകയും മറ്റും ചെയ്യും. വിജയിക്കുമ്പോള്‍ ആരും ഒന്നും ചോദിക്കാറില്ലെന്നും ഗഡ്കരി പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഭരണ നഷ്ടം ബി.ജെ.പി വിലയിരുത്തി വരുന്നതിനിടെയാണ് ഗഡ്കരിയുടെ വിമര്‍ശം.