‘ജി.എസ്.ടിയില്‍ ഇനിയും പരിഷ്കരണങ്ങള്‍ കൊണ്ടുവരും’
ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന ശതമാനം നികുതി ചുമത്തിയവരാണ് ഇന്ന് നടപ്പാക്കുന്ന ജി.എസ്.ടിയെ വിമര്‍ശിക്കുന്നെത്
ജി.എസ്.ടിയില്‍ ഒരൊറ്റ സ്റ്റാന്‍റേര്‍ഡ് നികുതി എന്നത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി. 28 ശതമാനം എന്ന ഉയര്‍ന്ന നികുതി നിരക്കും ഉടന്‍ ഒഴിവാക്കും. സിമന്റ് അഞ്ച് ശതമനം എന്ന കുറഞ്ഞ നികുതി നിരക്കിലേക്ക് കൊണ്ട് വരലും അടുത്ത പ്രധാന ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
28 സാധന-സേവനങ്ങളുടെ നികുതി നിരക്ക് കുറച്ച് ഇന്നലെ ജി.എസ്.ടി തീരുമാനം കൈകൊണ്ടതിന് പിന്നാലെയാണ് ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഫേസ്ബുക്ക് ബ്ലോഗിലുടെ അടുത്ത നീക്കങ്ങള്‍ വ്യക്തമാക്കിയത്. 12,18 എന്നിങ്ങനെ രണ്ട് സ്റ്റാന്‍റേര്‍ഡ് നിരക്കുകളാണ് നിലവില്‍ ജി.എസ്.ടിക്കുണ്ട്. അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെ ഇടത്തരക്കാരന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ഒട്ടുമിക്ക ഉല്‍പന്നങ്ങളുമുള്ളത് ഈ നികുതി സ്ലാബുകളിലാണ്. ഈ സാഹചര്യത്തിലാണ് 12നും 18നും പകരമായി ഒരൊറ്റ സ്റ്റാന്‍റേര്‍ഡ് നികുതി ഉടന്‍ നിശ്ചയിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യപാനം.
ഒരു പക്ഷേ അത് പന്ത്രണ്ടോ അല്ലങ്കില്‍ പതിനെട്ടോ ആയേക്കാം. ഇവക്ക് രണ്ടിനും ഇടയിലുള്ള സഖ്യയുമാകാമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ 28 ശതമാനം നികുതി സ്ലാബില്‍ തുടരുന്ന സിമന്‍റിനെ ഉടന്‍ അഞ്ച് ശതമാനത്തിലേക്ക് കൊണ്ടുവരും. പുതുതായി നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍ക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി ചുരുക്കുമെന്നും മന്ത്രി സൂചന നല്‍കി. ഉല്‍പന്നങ്ങള്‍ക്ക് 31 ശതമാനം വരെ നികുതി ചുമത്തിയവരാണ് ഇന്ന് നടപ്പാക്കുന്ന ജി.എസ്.ടിയെ വിമര്‍ശിക്കുന്നെതെന്നും മന്ത്രി ബ്ലോഗില്‍ കുറ്റപ്പെടുത്തി.