സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ആദിവാസികളിൽ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കാന്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ നടപടി ആരംഭിച്ചു
2005ലാണ് ബിജെപി സര്‍ക്കാര്‍ ടാറ്റയുമായി 19500 കോടിയുടെ സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ധാരണ പത്രം ഒപ്പുവെച്ചത്
ബി.ജെ.പി സർക്കാർ ടാറ്റ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ആദിവാസികളിൽ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കാന്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 2005ലാണ് ബി.ജെ.പി സര്‍ക്കാര്‍ ടാറ്റയുമായി 19500 കോടിയുടെ സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ധാരണ പത്രം ഒപ്പുവെച്ചത്. 2008 ല്‍ ഭൂമിയേറ്റെടുക്കല്‍ തുടങ്ങി. ആകെ 1764 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്.
ബസ്തറിലെ ചിന്ദ്ഗാവ്‍, സിര്‍സിഗുഡ തുടങ്ങി 10 ഗ്രാമങ്ങളിലെ ആദിവാസികള്‍ ഭൂമി വിട്ട് പോകേണ്ടി വന്നു. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമായില്ല. ഈ ഭൂമിയാണ് ഇപ്പോള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കാന്‍ ഭൂപേഷ് ബഗേല്‍ നേതൃത്വത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടികളാരംഭിച്ചത്. ഇതിനായി അടുത്ത മന്ത്രിസഭ യോഗത്തില്‍ തന്നെ ചര്‍ച്ചചെയ്യാന്‍ പാകത്തില്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റവന്യു ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.
കോണ്‍ഗ്രസിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ നിറവേറുന്നത്. അഞ്ച് വര്‍ഷമായിട്ടും തുടങ്ങാത്ത പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. ചത്തിസ്ഗഡ് സര്‍ക്കാരിനെതിരെ ആദിവാസികളുടെയും മാവോയിസ്റ്റുകളുടെയും രോഷം ഇരട്ടിപ്പിച്ച വിഷയമായിരുന്നു ഭൂമിയേറ്റെടുക്കല്‍.