ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ച് കേരള എം.പിമാര്‍

പ്രശ്നപരിഹാരത്തിന് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് കെ.സി വേണുഗോപാല്‍. സംഘ്പരിവാര്‍ ആസൂത്രിത അക്രമം നടത്തുകയാണെന്ന് പി. കരുണാകരന്‍

Update: 2019-01-04 08:51 GMT

ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും. യുവതി പ്രവേശനത്തോടെ സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും പ്രശ്നപരിഹാരത്തിന് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ ആസൂത്രിതമായി അക്രമം നടത്തുകയാണെന്ന് പി. കരുണാകരന്‍ എം.പി ആരോപിച്ചു.

ലോക്സഭയില്‍ ശൂന്യവേളയിലാണ് കെ.സി വേണുഗോപാല്‍ എം.പിയുടെ ശ്രദ്ധക്ഷണിക്കല്‍. സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് യുവതികളെ നടകയറ്റിയത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായി. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Advertising
Advertising

ഭരണഘടനാബാധ്യത നിറവേറ്റിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അണികള്‍ കലാപമുണ്ടാക്കുകയാണെന്ന് സി.പി.എം തിരിച്ചടിച്ചു. വിശ്വാസ കാര്യങ്ങളില്‍ സുപ്രീംകോടതിക്ക് ഒരു റോളുമില്ലെന്നായിരുന്നു ബി.ജെ.പി നിലപാട്.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സഭയിലുണ്ടായിരുന്നെങ്കിലും പ്രതികരിച്ചില്ല. നിയമ നിര്‍മാണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിലും മറുപടിയുണ്ടായില്ല. ശബരിമല വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടത് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Tags:    

Similar News