കേരളത്തിന് പ്രളയസെസ് പിരിക്കാന്‍ അനുമതി
രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് പിരിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ അനുമതി. ഇതു വഴി 500 കോടി പ്രതിവര്‍ഷം കേരളത്തിന് ലഭിക്കും...
കേരളത്തിന് ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്താല്‍ ജി.എസ്.ടി കൗണ്‍സിന്റ അനുമതി. രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം വരെ സെസ് ചുമത്താം. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വാര്‍ഷിക വിറ്റുവരവ് പരിധി 40 ലക്ഷം രൂപയാക്കി. സംസ്ഥാന ലോട്ടറി നികുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് പരിശോധനക്കായി ഉപസമിതിക്ക് വിട്ടു.
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജി.എസ്.ടിയില്‍ നിന്ന് പ്രത്യേക ഫണ്ട് കണ്ടെത്താന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റ ആവശ്യം. ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച ഉപസമിതി നിര്‍ദേശം ജി.എസ്.ടി കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു. ഇതു വഴി 500 കോടി പ്രതിവര്‍ഷം കേരളത്തിന് ലഭിക്കും.
പുനര്‍നിര്‍മാണത്തിനായുള്ള വിദേശ വായ്പ പരിധി നിശ്ചയിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചു. ധനഉത്തരവാദിത്ത ബില്ലിന് പുറമെയുള്ള വായ്പ ആയതിനാല്‍ കേന്ദ്രാനുമതി വേണം. അതേസമയം സംസ്ഥാന ലോട്ടറി നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തെ കേരളമടക്കം 10 സംസ്ഥാനങ്ങള്‍ എതിര്‍ത്തു.
ജി.എസ്.ടി രജിസ്‌ട്രേഷന്‍ വാര്‍ഷിക വിറ്റുവരവ് പരിധി 20 ലക്ഷം രൂപയില്‍ നിന്നും 40 ലക്ഷമാക്കി ഉയര്‍ത്തി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം. ഒന്നര കോടി രൂപവരെ വിറ്റ് വരവുള്ള സംരഭങ്ങളുടെ നികുതി റിട്ടേണ്‍ ഇനി വര്‍ഷത്തില്‍ ഒരിക്കല്‍ സമര്‍പ്പിച്ചാല്‍ മതി. 50 ലക്ഷം വരെ വിറ്റുവരവുള്ള സേവനദാതാക്കളുടെ അനുമാന നികുതി ആറ് ശതമാനമാക്കിയും കുറച്ചിട്ടുണ്ട്.