ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനാകുമോ?
ജാതി സമവാക്യങ്ങളും കര്‍ഷക പ്രക്ഷോഭങ്ങളും പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളാണ് ഹരിയാനയില്‍
കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലും ബി.ജെ.പി വലിയ നേട്ടമുണ്ടാക്കിയ ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജാതി സമവാക്യങ്ങളും കര്‍ഷക പ്രക്ഷോഭങ്ങളും പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളാണ് ഹരിയാനയില്‍.
2014 ലോക്‍സഭ തെരെഞ്ഞടുപ്പില്‍ 10ല്‍ 7 സീറ്റ് സ്വന്തമാക്കി ബി.ജെ.പി കരുത്ത് കാട്ടിയിരുന്നു. ഇതിലൂടെ വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ച വെച്ചത്. 2009 ലോക്‍സഭ തെരെഞ്ഞെടുപ്പില്‍ 9 സീററ് സ്വന്തമാക്കിയ കോണ്‍ഗ്രസ് 2014ലെ തെരെഞ്ഞടുപ്പില്‍ തകര്‍ന്നടിഞ്ഞു. ലോക്‍സഭ തെരെഞ്ഞടുപ്പിന്ന് പിന്നാലെ തന്നെയാണ് ഹരിയാനയില്‍ നിയമസഭ തെരെഞ്ഞെടുപ്പും നടക്കുക അതുകൊണ്ട് തന്നെ കടുത്ത പോരാട്ടമായിരിക്കും ഇരു പാര്‍ട്ടികളും തമ്മില്‍ നടക്കുക. നിയമസസഭയില്‍ 19 സീറ്റുള്ള ഐ.എന്‍.ല്‍.ഡി കൂടി ചേരുമ്പോള്‍ ചില മണ്‍ലങ്ങളില്‍ ത്രികോണ മത്സരത്തിനും സാധ്യതയേറെയാണ്. 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ നേടിക്കൊണ്ട്‍ ബി.ജെ.പി അധികാരത്തിലേറിയത്. നിയമസഭ തെരെഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടുള്ള രാഷ്ട്രീയനീക്കങ്ങള്‍ക്കാണ് ഇരു പാര്‍ട്ടികളും തുടക്കമിടുന്നത്. ലോക്‍സഭ തെരെഞ്ഞെടുപ്പിനെ നിയമസഭ തെരെഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലായാണ് സംസ്ഥാനത്തെ നേതാക്കള്‍ കാണുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയാല്‍ കാര്‍ഷിക വായ്പ എഴുതള്ളുമെന്ന വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയത്. സത്യപ്രതിജ്ഞ ചെയ്തു മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഈ വാഗ്ദാനം നടപ്പാക്കി കയ്യടി നേടുകയും ചെയ്തു. ഇതേ വഴിയില്‍ ഹരിയാനയും പിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അധികാരത്തിലേറിയാല്‍ ആറു മണിക്കൂറുകള്‍ക്കകം ഹരിയാനയിലെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഢ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബി.ജെ.പിയാകട്ടെ സംസ്ഥാനഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി ലോക്‍സഭ തെരെഞ്ഞെടുപ്പിനെ നേരിടാനും.