പുല്‍വാമ ഭീകരാക്രമണം; കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്രമന്ത്രിമാരും അരവിന്ദ് കെജ്രിവാളും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. അതേസമയം ഭീകരാക്രമണം സംബന്ധിച്ച് പാകിസ്ഥാനോടുള്ള നിലപാട് ചര്‍ച്ച ചെയ്യാന്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച നടത്തി.
ജമ്മു കശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കും സൈനികരുടെ ഭൌതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പാലം സൈനിക വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യ വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും സൈനികര്‍ക്ക് അവസാന ആദരവ് അര്‍പ്പിക്കാനെത്തിയിരുന്നു. സൈനികരുടെ ഭൌതികദേഹങ്ങള്‍ നാളെ ജന്‍മദേശത്ത് എത്തിക്കും. അതേസമയം പാകിസ്ഥാനോടുള്ള നിലപാട് ചര്‍ച്ച ചെയ്യാന്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. 25 രാജ്യങ്ങളിലെ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. അന്താരാഷ്ടതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ സൌഹൃദരാഷ്ട്ര പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് വൈകാരികമായി പ്രതികരിക്കാനില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് പിന്നീട് നിലപാട് അറിയിക്കാമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി.