‘ജയ് ശ്രീറാം’: ഗുജറാത്തിൽ മൂന്ന് മദ്രസാ വിദ്യാർത്ഥികളെ ആക്രമിച്ചു; കേസെടുക്കാതെ പൊലീസ്
ഖുർആൻ മനഃപാഠ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ മൂന്നുപേരും ഒരു ഹോട്ടലിൽ നിന്ന് ചായകുടിച്ച് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
ഗുജറാത്തിലെ ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികളെ ആക്രമിച്ചതായി ആരോപണം. ഹാഫിസ് സമീർ ഭഗത്, ഹാഫിസ് സൊഹെൽ ഭഗത്, ഹാഫിസ് സൽമാൻ ഗിതേലി എന്നിവരാണ് വ്യാഴാഴ്ച രാത്രി 11 മണിക്ക് ആക്രമണത്തിനിരയായത്. സംഭവത്തിൽ എഫ്.ഐ.ആർ തയ്യാറാക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. തലയ്ക്ക് ഗരുതുര പരിക്കേറ്റ മൂന്നു പേരും സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ഖുർആൻ മനഃപാഠ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ മൂന്നുപേരും ഒരു ഹോട്ടലിൽ നിന്ന് ചായകുടിച്ച് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളില്‍ നിന്നു വ്യക്തമാവുന്നു. സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് മനുഷ്യാവകാശ പ്രവർത്തക ശബ്‌നം ഹാഷ്മി ആരോപിച്ചു. 'രാത്രിയിൽ ചായ കുടിക്കാൻ ഹിന്ദു ഏരിയയിൽ എന്തിനു പോയി?' എന്ന ചോദിച്ചു കൊണ്ടാണ് പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കാൻ വിസമ്മതിച്ചതെന്ന് സിയ നൊമാനി എന്നയാൾ ട്വീറ്റ് ചെയ്തു.
ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ കഴിഞ്ഞ മാസം കോൺഗ്ര്‌സ എം.എൽ.എ ഇംറാൻ ഖെദാവാല നിയമസഭയിൽ പ്രൈവറ്റ് ബിൽ അവതരിപ്പിച്ചത് ബി.ജെ.പി അംഗങ്ങളെ ചൊടിപ്പിച്ചിരുന്നു. 'ഗുജറാത്ത് ന്യൂനപക്ഷ സംരക്ഷണ ക്ഷേമ ബിൽ' അവതരണത്തിനിടെ ഖെദാവാലവയുടെ പ്രസംഗം തടസ്സപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിങ് ചുദസാമ ശ്രമിച്ചത് വാഗ്വാദത്തിന് കാരണമായി. സുപ്രീം കോടതി നിർദേശപ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിന് നിയമനിർമാണം നടത്തുമെന്ന് സാമൂഹ്യനീതി മന്ത്രി ഈശ്വർ പർമർ ഉറപ്പുനൽകിയതിെ തുടർന്ന് ഖെദാവാല ബിൽ പിൻവലിച്ചു.