25 പൈസക്ക് വില 1,76,322 രൂപ, 20 പൈസക്ക് 86,349 രൂപ: പഴയ നാണയങ്ങളുടെ ഓണ്‍ലൈന്‍ വിലയില്‍ കണ്ണുതള്ളി ജനം
2011 ല്‍ വിനിമയം നിരോധിച്ചതാണെങ്കിലും പഴയ 20 പൈസയ്ക്കും 25 പൈസയ്ക്കും നല്ല ഉയര്‍ന്ന വില കിട്ടുമെന്നാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഫ്ലിപ്പ്കാര്‍ട്ട് പറയുന്നത്.
ചക്കയുടെയും ചിരട്ടയുടെയും കപ്പയുടെയും ഓണ്‍ലൈന്‍ വില കണ്ട് ഞെട്ടിയവരാണ് നമ്മള്‍. കടകള്‍ കയറിയിറങ്ങാതെ എന്തും ഓണ്‍ലൈനില്‍ നോക്കിക്കൂടെ എന്ന് പരസ്പരം ഉപദേശിക്കുന്ന കാലത്തിലൂടെ കടന്നുപോകുകയാണ് നമ്മള്‍.. വീട്ടിലെ മൂലയ്ക്കിട്ട ഏതോ മേശയില്‍ പഴയ 20 പൈസയുടേയും 25 പൈസയുടേയും നാണയങ്ങളുണ്ടോ എന്ന് തപ്പി നോക്കുന്നത് നല്ലതാണ്. കാരണം, എന്തും ഇല്ലാതാകുമ്പോഴേ നമുക്ക് അതിന്റെ വിലയറിയൂ എന്ന് പറയാറില്ലേ. 2011 ല്‍ വിനിമയം നിരോധിച്ചതാണെങ്കിലും പഴയ 20 പൈസയ്ക്കും 25 പൈസയ്ക്കും നല്ല ഉയര്‍ന്ന വില കിട്ടുമെന്നാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഫ്ലിപ്പ്കാര്‍ട്ട് പറയുന്നത്.
1994ലെ 25 പൈസ സ്വന്തമാക്കാന്‍ നൽകേണ്ടത് 1,76,322 രൂപ. മുഴുവൻ തുകയും കൈയിലില്ലെങ്കിലും വിഷമിക്കേണ്ടതില്ല. പലിശ ഇല്ലാതെയുള്ള ഇ.എം.ഐ സൗകര്യമുണ്ട്. പ്രതിമാസം 14694 രൂപ ഒരു വർഷം അടച്ചാൽ മതി. സ്റ്റാൻഡേർഡ് ഇ.എം.ഐ പ്രകാരമാണെങ്കിൽ മൂന്ന് മാസം മുതൽ 24 മാസം വരെയുള്ള വിവിധ പ്ലാനുകളുണ്ട്.
25 പൈസയെ അപേക്ഷിച്ച് 20 പൈസയ്ക്ക് അൽപം വിലക്കുറവുണ്ട്. 1986ൽ ഇറങ്ങിയ 20 പൈസയ്ക്ക് വില 86,349 രൂപയേയുള്ളൂ. പ്രതിമാസം 7,196 രൂപ വീതമുള്ള ഗഡുക്കളായി 12 മാസം പണമടച്ചാൽ മതി. 28,783 രൂപ പ്രതിമാസം അടക്കാൻ സാധിക്കുമെങ്കിൽ മൂന്ന് മാസം കൊണ്ട് അടവ് തീർത്ത് 20 പൈസ സ്വന്തം പേരിലാക്കാം. 12 % പലിശ സഹിതമാണെങ്കിൽ 4,065 രൂപ വീതം രണ്ട് വർഷം അടച്ചാൽ മതി.
1984 ല്‍ പുറത്തിറക്കിയ 10 പൈസ നാണയത്തിന് ഫ്ലിപ്പ്കാര്‍ട്ടില്‍ 50 ശതനാനം ഓഫര്‍ കഴിച്ച് 99 രൂപ നല്‍കിയാല്‍ മതി. 1968 ലെ 5 പൈസ നാണയത്തിനും സമാന വിലയാണ്. പഴയ ഇന്ത്യൻ നാണയങ്ങൾ ഇക്കാലത്ത് അപൂർവമാണെന്നും 1986ലെ 20 പൈസ നാണയത്തിന് ഏറെ ആവശ്യക്കാരുണ്ടെന്നുമാണ് ഉത്പന്നത്തെ കുറിച്ചുള്ള വിവരണത്തിലെ അവകാശവാദം. ഇത്നാണയ ശേഖരത്തിൽ ഉൾപ്പെടുത്തുകയോ നാണയ ശേഖരണം ശീലമുള്ള സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകുകയോ ചെയ്യാമെന്നും നിർദേശിക്കുന്നുണ്ട്. നിര്‍മ്മാണം 1997 ല്‍ നിര്‍ത്തിയിരുന്നെങ്കിലും 2011 ലാണ് 10, 20, 25 നാണയങ്ങള്‍ ഔദ്യോഗികമായി റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്.