അശ്ലീല ദൃശ്യങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍; ഗോവ ഉപമുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ..

തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ദൃശ്യങ്ങള്‍ അയച്ചെന്ന് പറയപ്പെടുന്ന സമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും ചന്ദ്രകാന്ത് ബാബു വിശദീകരിച്ചു.

Update: 2020-10-20 08:07 GMT
Advertising

വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് താന്‍ പോണ്‍ ദൃശ്യങ്ങള്‍ അയച്ചെന്ന ആരോപണം ഉയര്‍ന്നതോടെ പ്രതികരണവുമായി ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് ബാബു കവ്‍ലേകര്‍. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ദൃശ്യങ്ങള്‍ അയച്ചെന്ന് പറയപ്പെടുന്ന സമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും ചന്ദ്രകാന്ത് ബാബു വിശദീകരിച്ചു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഉപമുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് നമ്പറില്‍ നിന്ന് വില്ലേജസ് ഓഫ് ഗോവ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ എത്തിയത്. ദൃശ്യങ്ങള്‍ ഗ്രൂപ്പിലിട്ടെന്ന് പറയപ്പെടുന്ന സമയത്ത് താന്‍ ഫോണിനടുത്തൊന്നും ആയിരുന്നില്ലെന്നും ഉറക്കമായിരുന്നുവെന്നുമാണ് ചന്ദ്രകാന്ത് ബാബു പരാതിയില്‍ പറയുന്നത്. ഏതോ നിയമവിരുദ്ധരുടെ പണിയാണിത്. തന്‍റെ പേരില്‍ അയച്ചത് ക്രിമിനല്‍ ബുദ്ധിയോടെയാണെന്നും ചന്ദ്രകാന്ത് ബാബു പറഞ്ഞു.

ജനങ്ങള്‍ക്ക് മുന്നില്‍ തന്നെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കാലത്ത് നടക്കുന്നുണ്ട്. എങ്ങനെ ഒരു ഗ്രൂപ്പില്‍ മാത്രമായി ദൃശ്യങ്ങള്‍ വന്നു? ആരോ തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം പ്രതിപക്ഷം മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ വനിതാ ഘടകവുമാണ് പരാതി നല്‍കിയത്. അശ്ലീല ദൃശ്യങ്ങള്‍ പബ്ലിക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് കുറ്റമാണെന്നും മന്ത്രിക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.

Tags:    

Similar News