കോയമ്പത്തൂര്‍ സൗത്തില്‍ വോട്ടിനായി പണമൊഴുകുന്നു; പരാതിയുമായി കമല്‍ ഹാസന്‍ 

കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കമല്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത്.

Update: 2021-04-06 10:59 GMT
Advertising

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിർ സ്ഥാനാർഥികൾ വോട്ടർമാർക്കു വൻ തോതിൽ പണം നൽകുന്നതായി മക്കൾ നീതി മയ്യം സ്ഥാനാർഥി കമൽ ഹാസൻ. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മഹിളാ മോർച്ച ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസൻ, കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് മയൂര ജയകുമാർ എന്നിവരാണ് കമലിന്‍റെ എതിരാളികള്‍. കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കമല്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത്.

വോട്ടർമാർക്ക് ഡി.എം.കെ പണം നൽകിയെന്നാരോപിച്ച് തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഡി.എം.കെയുടെ പ്രവർത്തകരും നേതാക്കന്മാരും പലയിടത്തും പരസ്യമായാണ് പണം നൽകുന്നതെന്നും കുതന്ത്രങ്ങളിലൂടെ ജയിക്കാമെന്നാണ് ഡി.എം.കെ കരുതുന്നതെന്നും ഖുശ്ബു നല്‍കിയ പരാതിയില്‍ പറയുന്നു.

തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണെങ്കിലും കോയമ്പത്തൂർ തൊണ്ടാമുത്തൂരിൽ സംഘർഷമുണ്ടായി. ബൂത്ത് സന്ദർശനത്തിനെത്തിയ ഡി.എം.കെ സ്ഥാനാർഥി കാർത്തികേയ ശിവസേനാപതിയുടെ കാർ ഒരു സംഘം തകർത്തതാണ് സംഘർഷത്തിനിടയാക്കിയത്. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകർന്ന് 5 വോട്ടർമാർക്ക് പരിക്കേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News