കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച അമ്മ മരിച്ചു; മകനെതിരെ കേസ്

അമ്മയെ ഉപേക്ഷിച്ചതിന് മകനായ വിശാലിനെതിരേ കേസെടുത്തതായും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. അനുപ് സിങ് പറഞ്ഞു

Update: 2021-04-26 09:16 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മകന്‍ വഴിയില്‍ ഉപേക്ഷിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. സഹോദരിയുടെ വീടിനു സമീപം ഉപേക്ഷിച്ച അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരിയും തയ്യാറായിരുന്നില്ല. അമ്മയെ ഉപേക്ഷിച്ചതിന് മകനെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.

കാണ്‍പുര്‍ കന്‍റോണ്‍മെന്‍റ് സ്വദേശിയായ വിശാലാണ് കഴിഞ്ഞ ദിവസം അമ്മയെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമ്മയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ ഇയാള്‍ അമ്മയുമായി ചക്കേരി മേഖലയിലെത്തി. തുടര്‍ന്ന് സഹോദരിയുടെ വീടിന് മുന്നിലുള്ള റോഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Advertising
Advertising

റോഡില്‍ കിടക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒരു ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു സ്ത്രീയെ കണ്ടെത്തിയത്. നാട്ടുകാര്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

അമ്മയെ ഉപേക്ഷിച്ചതിന് മകനായ വിശാലിനെതിരേ കേസെടുത്തതായും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. അനുപ് സിങ് പറഞ്ഞു. അവശനിലയിലായ സ്ത്രീയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അവര്‍ മരിച്ചെന്നും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News