മെയ് പകുതിയോടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ 48 ലക്ഷമാകും; ഐ.ഐ.ടി ശാസ്ത്രജ്ഞര്‍
മെയ് ആദ്യവാരത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 4.4 ലക്ഷമാകും.
രാജ്യത്തെ കോവിഡ് കേസുകള്‍ മെയ് പകുതിയോടെ 38 മുതല്‍ 48 ലക്ഷം വരെ ഉയരുമെന്ന് ഐ.ഐ.ടി ശാസ്ത്രജ്ഞര്‍. മെയ് ആദ്യവാരത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 4.4 ലക്ഷമാകുമെന്നും ശാസ്ത്രഞ്ജർ വ്യക്തമാക്കി.
മെയ് 14 മുതൽ 18വരെ കേസുകളുടെ എണ്ണം 38 മുതൽ 48ലക്ഷം വരെ ഉയരുമെന്നും മെയ് നാലുമുതൽ എട്ടുവരെയുള്ള കാലയളവിൽ പ്രതിദിന രോഗബാധ നിരക്ക് 4.4 ലക്ഷമാകാമെന്നുമാണ് ഐ.ഐ.ടി കാൺപുർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ശാസ്ത്രഞ്ജർ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. ഐ.ഐ.ടി കാൺപൂറിലെ പ്രൊഫസ്സർ മനീന്ദർ അഗ്രവാൾ ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.
മെയ് 11– 15 ആകുമ്പോഴേക്കും ഇന്ത്യയിൽ സജീവ രോഗികളുടെ എണ്ണം 33 മുതൽ 35 ലക്ഷമാകുമെന്ന് വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു. മനീന്ദ്ര അഗ്രവാളും സംഘവും തന്നെയാണ് ഈ മോഡൽ പ്രവചനത്തിനു പിന്നിൽ പ്രവർത്തിച്ചത്. മെയ് അവസാനമാകുമ്പോഴേക്കും കേസുകളുടെ എണ്ണം കുറയുമെന്നും അന്നു വിലയിരുത്തിയിരുന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസം 3,52,991 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2812 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,95,123 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 1,73,13,163 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. നിലവിൽ 28,13,658 ആക്ടീവ് കേസുകളാണുള്ളത്.