കേന്ദ്രത്തിന്‍റെ കൈകളില്‍ കോവിഡ് രോഗികളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് തൃണമൂല്‍

ബംഗാളില്‍ കോവിഡ് അതിവ്യാപനത്തിന് കാരണം കേന്ദ്രവും ഇലക്ഷന്‍ കമ്മീഷനുമാണെന്നാണ് തൃണമൂല്‍ എംപി സൗഗത റോയ്‌

Update: 2021-04-28 15:58 GMT

മോദി സര്‍ക്കാരിന്‍റെയും ഇലക്ഷന്‍ കമ്മീഷന്‍റെയും കൈകളില്‍ കോവിഡ് രോഗികളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ കോവിഡ് അതിവ്യാപനത്തിന് കാരണം കേന്ദ്രവും ഇലക്ഷന്‍ കമ്മീഷനുമാണെന്നാണ് തൃണമൂല്‍ എംപി സൗഗത റോയ്‌ ആരോപിച്ചത്.

കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുകുലുക്കിയ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമ ബംഗാളില്‍ 50 തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തെന്ന് സൗഗത റോയ്‌ വിമര്‍ശിച്ചു. ബംഗാളിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി പറഞ്ഞത് ഇത്രയും വലിയ പങ്കാളിത്തം താന്‍ ആദ്യമായാണ് കാണുന്നത് എന്നായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള റാലികള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.

Advertising
Advertising

കോവിഡ് വ്യാപനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവാദിത്വമുണ്ടെന്ന് സൗഗത റോയ്‌ വിമര്‍ശിച്ചു. ബംഗാളില്‍ അവസാന മൂന്ന് ഘട്ടങ്ങള്‍ ഒരുമിച്ച് വോട്ടെടുപ്പ് നടത്തണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍രെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചു. ഏപ്രില്‍ 26ന് നടന്ന, നാളെ നടക്കാന്‍ പോകുന്ന വോട്ടെടുപ്പ് കോവിഡ് അതിവ്യാപനത്തിന് ഇടയാക്കുമെന്നും സൗഗത റോയ്‌ പറഞ്ഞു. കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ജനങ്ങളുടെ ആരോഗ്യം പരിഗണിക്കാതെ സ്വന്തം അജണ്ടയുമായി മുന്നോട്ടുപോയതാണ് ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്ക് കാരണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സൌജന്യമായി വാക്സിന്‍ നല്‍കുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍, ഇപ്പോള്‍ സംസ്ഥാനങ്ങളുടെ മേല്‍ ഉത്തരവാദിത്വം കെട്ടിവെച്ച് മാറിനില്‍ക്കുകയാണെന്നും സൗഗത റോയ്‌ പറഞ്ഞു. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയമാണ് ഇന്ന് വാക്സിനേഷനിലുണ്ടായ പ്രതിസന്ധിക്ക് കാരണം. വാക്സിന്‍ ഉത്പാദനവും വിതരണവും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തിയിരുന്നുവെങ്കില്‍ വാക്സിന്‍ ക്ഷാമം ഉണ്ടാവില്ലായിരുന്നു. വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്ന് ഫെബ്രുവരിയില്‍ തന്നെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായിരുന്നുവെന്നും സൗഗത റോയ്‌ പറഞ്ഞു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News