'ഓക്സിജന്‍ മാന്‍' ശ്രീനിവാസിന് ഡല്‍ഹി പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു.

Update: 2021-05-17 02:06 GMT

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് ഡൽഹി പൊലീസിന്റെ ക്ലീൻചിറ്റ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു. ആവശ്യക്കാർക്ക് മരുന്നും ഓക്സിജനും വിതരണം ചെയ്യുകയായിരുന്നു ശ്രീനിവാസ് എന്ന് ഇടക്കാല റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ശ്വാസം മുട്ടിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകൾക്ക് `കോൾ അല്ലെങ്കിൽ ടാഗ് ശ്രീനിവാസ് ' പ്രതീക്ഷയുടെ ടാഗ്‌ലൈനായി മാറിയിരുന്നു. 1000 സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിനാണ് ശ്രീനിവാസ് നേതൃത്വം നല്‍കുന്നത്. അവര്‍ ചെറു സംഘങ്ങളായി സോഷ്യല്‍ മീഡിയയിലെയും പുറത്തെയും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായ അഭ്യര്‍ഥനകളോടും ഉടന്‍ പ്രതികരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഡല്‍ഹിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകൾ എത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സംഭാവന ഉപയോഗിച്ചാണ് അവ വാങ്ങിയതെന്നും ശ്രീനിവാസ് പറയുകയുണ്ടായി.

Advertising
Advertising

തന്‍റെ പേര് ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയിലെത്തുന്ന സഹായാഭ്യർഥനകൾ കൺട്രോൾ റൂമിലേക്ക് കൈമാറും. സഹായം തേടിയവരുമായി കൺട്രോൾ റൂം സംഘം ബന്ധപ്പെടും. എന്താണ് ആവശ്യമെന്ന് ചോദിക്കും. ഓക്സിജൻ സിലിണ്ടറാണ് വേണ്ടതെങ്കിൽ അത് എത്രയും വേഗം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രിയില്‍ ചികിത്സയാണ് വേണ്ടതെങ്കില്‍ ഏതെങ്കിലും ആശുപത്രിയിൽ ഒഴിവുണ്ടോ എന്ന് പരിശോധിക്കും. ലഭ്യമായ ഇടത്തേക്ക് കോവിഡ് ബാധിതനെ എത്തിക്കും. അതോടൊപ്പം ക്വാറന്‍റിലുള്ളവര്‍ക്ക് ഭക്ഷണവുമെത്തിക്കുന്നു.

ബി.വി ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധ ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശ്രീനിവാസ് നേതൃത്വം നല്‍കുന്ന എസ്.ഒ.എസ്.ഐ.വൈ.സിയ്ക്ക് 108 രൂപ വീതം നല്‍കുന്നതാണ് ക്യാമ്പെയിന്‍. 'ഞങ്ങളാണ് സോഴ്‌സ്, 108 രൂപ നല്‍കി നമുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നില്‍ക്കാം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം,' എന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പെയിന്‍ തുടങ്ങിയത്. ചോദ്യംചെയ്യലിന് ശേഷവും വിശ്രമമില്ലാതെ കോവിഡ് രോഗികളെ സഹായിക്കുന്ന തിരക്കിലായിരുന്നു ശ്രീനിവാസ്. ഒടുവില്‍ പൊലീസും അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News