ഓക്സിജനായി യാചിച്ച് മകള്‍ കാത്തുനിന്നത് മണിക്കൂറുകള്‍, ശ്വാസം കിട്ടാതെ അമ്മ പോയി

"പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയതാ. എവിടെയും ഓക്സിജന്‍ കിട്ടാനില്ലായിരുന്നു"

Update: 2021-04-30 02:12 GMT

"പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയതാ. എവിടെയും ഓക്സിജന്‍ കിട്ടാനില്ലായിരുന്നു. കുറേ അന്വേഷിച്ചു. അവസാനം ഇവിടെയെത്തി. ഞാന്‍ പറഞ്ഞതാ അമ്മയുടെ അവസ്ഥ വളരെ ഗുരുതമാണെന്ന്. പക്ഷേ"..

കോവിഡ് ബാധിച്ച അമ്മയ്ക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ ഡല്‍ഹിയിലെ ഒരു ഓക്സിജന്‍ റീഫില്ലിങ് കേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രുതി സാഹ എന്ന മകള്‍. അമ്മയുടെ അവസ്ഥ ഗുരുതരമാണെന്നും ഒന്ന് ഓക്സിജന്‍ സിലിണ്ടര്‍ നിറച്ചുതരുമോ എന്നും ശ്രുതി സാഹ പൊലീസിനോടും സുരക്ഷാ ജീവനക്കാരോടും കരഞ്ഞുപറഞ്ഞു. ക്യൂവില്‍ കാത്തുനില്‍ക്കാനാണ് ലഭിച്ച നിര്‍ദേശം. മണിക്കൂറുകള്‍ ആ കാത്തുനില്‍പ്പ് തുടരുന്നതിനിടെ വീട്ടില്‍ നിന്നും വിളി വന്നു- ശ്വാസം കിട്ടാതെ അമ്മ പോയി.

Advertising
Advertising

ഹൃദയം തകര്‍ന്ന് നിലവിളിച്ച ആ മകളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ ഇതുപോലെ പ്രിയപ്പെട്ടവര്‍ക്കായി ഓക്സിജന്‍ നിറയ്ക്കാനെത്തിയവര്‍ പാടുപെട്ടു. നീണ്ട ക്യൂവില്‍ ശ്രുതി സാഹ നിന്നിടത്ത് ആ കാലിയായ സിലിണ്ടര്‍ ബാക്കിയായി.

ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ലെന്നാണ് ഇത്തരം സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ വരെ വീടുകളില്‍ തുടരുകയാണ്. ശ്രുതി സാഹയെ പോലെ ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയാകുമ്പോള്‍ നിറയ്ക്കാനായി നെട്ടോട്ടമോടുകയാണ്. ഓരോ നാല് മിനിട്ടിലും ഓരോ കോവിഡ് രോഗി വീതം മരിക്കുന്നു എന്ന ഭയാനകമായ സാഹചര്യമാണ് കുറച്ചുദിവസമായി ഡല്‍ഹിയിലുള്ളത്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News