റജീബ് ബാനർജിയും തൃണമൂലിലേക്ക്? ബംഗാളിൽ ബിജെപിയിൽനിന്ന് 'ഘർവാപസി' തുടരുന്നു

മുന്‍ മന്ത്രി കൂടിയായ റജീബ് തൃണമൂൽ കോണ്‍ഗ്രസ് ബംഗാൾ ജനറൽ സെക്രട്ടറി കുനാൽ ഘോഷുമായി കൂടിക്കാഴ്ച നടത്തി

Update: 2021-06-13 09:37 GMT
Editor : Shaheer | By : Web Desk
Advertising

ബംഗാളിൽ ബിജെപിയിൽനിന്ന് തൃണമൂൽ കോൺഗ്രസിലേക്കുള്ള 'ഘർവാപസി' തുടരുന്നു. ദേശീയ വൈസ് പ്രസിഡന്റായിരുന്ന മുകുൾ റോയിക്കു പിറകെ മറ്റൊരു ബിജെപി നേതാവും തൃണമൂലിലേക്കു തന്നെ തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്. മുൻ മന്ത്രി കൂടിയായ റജീബ് ബാനർജിയാണ് തൃണമൂലിൽ തിരിച്ചെത്താനുള്ള നീക്കം സജീവമാക്കിയിരിക്കുന്നത്.

തൃണമൂൽ ബംഗാൾ ജനറൽ സെക്രട്ടറി കുനാൽ ഘോഷുമായി റജീബ് ചർച്ച നടത്തിക്കഴിഞ്ഞു. ഘോഷിന്റെ വസതിയിൽ വച്ചാണ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടന്നത്. കടപ്പാട് പ്രകടിപ്പിക്കാനായാണ് ഘോഷുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റജീബ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, എന്താണ് 'കടപ്പാട് യോഗം' കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം വിശദീകരിച്ചിട്ടില്ല.

ഈ മാസം ആദ്യത്തിൽ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ നേതൃത്വത്തിൽ നടന്ന സുപ്രധാന യോഗത്തിൽ റജീബ് പങ്കെടുത്തിരുന്നില്ല. ശമിക് ഭട്ടാചാര്യയും മുകുൾ റോയിയും യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. ഇതിനു പിറകെ ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള റജീബിന്റെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായിരുന്നു. രാഷ്ട്രീയക്കളി നിര്‍ത്തി കോവിഡിലും യാസ് ചുഴലിക്കാറ്റിലും തകർന്ന ബംഗാൾ ജനതയ്‌ക്കൊപ്പം നിൽക്കാൻ പാർട്ടി തയാറാകണമെന്നായിരുന്നു റജീബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

അതിനിടെ, കുനാല്‍ ഘോഷുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമൊന്നുമില്ലെന്ന് റജീബ് പ്രതികരിച്ചു. അതോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ച വിമർശനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എന്നാൽ താൻ ഈ സമയംവരെയും ബിജെപിയിൽ തന്നെയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുകുൾ റോയി തൃണമൂലിൽ ചേർന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും അതേക്കുറിച്ച് തനിക്ക് മറ്റൊന്നും പറയാനില്ലെന്നും റജീബ് ബാനർജി കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് റജീബ് തൃണമൂൽ വിടുന്നത്. ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ നടന്ന ചർച്ചയ്ക്കു പിറകെയായിരുന്നു തൃണമൂൽ നേതാക്കളായ ബൈശാലി ഡാൽമിയ, പ്രബീർ ഘോഷാൽ, രഥിൻ ചക്രവർത്തി, രുദ്രാനിൽ ഘോഷ് എന്നിവർക്കൊപ്പം റജീബ് ബിജെപിയിൽ ചേരുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News