ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ബ്ലാക്ക് ഫംഗസ്! ബിഹാറിൽ രോഗിയുടെ തലച്ചോറില്‍നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഭീമന്‍ പൂപ്പല്‍

കോവിഡ് ഭേദപ്പെട്ടതിനു പിറകെയാണ് അനില്‍കുമാറിന് ബ്ലാക്ക് ഫംഗസ് ബാധിച്ചത്, നാസാദ്വാരം വഴിയാണ് ഫംഗസ് തലച്ചോറിലെത്തിയത്

Update: 2021-06-13 09:29 GMT
Editor : Shaheer
Advertising

ബിഹാറിൽ വയോധികന്‍റെ തലച്ചോറില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഭീമന്‍ ബ്ലാക്ക് ഫംഗസ്. ബിഹാർ തലസ്ഥാനമായ പട്‌നയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(ഐജിഐഎംഎസ്) നടന്ന ശസ്ത്രക്രിയയിലാണ് ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ബ്ലാക്ക് ഫംഗസ് ഡോക്ടർമാർ പുറത്തെടുത്തത്. 60കാരന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജാമൂയ് സ്വദേശിയായ അനിൽ കുമാറിനെയാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് തലച്ചോറിൽനിന്ന് അസാധാരണ വലിപ്പമുള്ള ഫംഗസ് പുറത്തെടുത്തത്. അനിൽകുമാറിന്റെ ആരോഗ്യനില സാധാരണഗതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് ഐജിഐഎംഎസ് മെഡിക്കൽ സൂപ്രണ്ട് ഡോ. മനീഷ് മണ്ഡൽ അറിയിച്ചു.

നേരത്തെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അനിൽകുമാർ. കോവിഡ് ഭേദപ്പെട്ടതിനു പിറകെയാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. നാസാദ്വാരം വഴിയാണ് തലച്ചോറിലേക്ക് ഫംഗസ് എത്തിയത്. ഫംഗസ് കണ്ണിനെ ബാധിക്കാതിരുന്നതിനാൽ കാഴ്ചയ്ക്ക് പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ല.

ബിഹാറില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 22ന് ബിഹാർ സർക്കാർ ബ്ലാക്ക് ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Editor - Shaheer

contributor

Similar News