അസമില്‍ ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അടുത്ത മുഖ്യമന്ത്രി

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് ഹിമാന്ത ബിശ്വ ശര്‍മ

Update: 2021-05-09 09:13 GMT

അസം മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായി. നിലവിലെ ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാണ് അടുത്ത മുഖ്യമന്ത്രി.

അസമില്‍ തുടര്‍ ഭരണം ലഭിച്ചെങ്കിലും ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളോ ഹിമാന്ത ബിശ്വ ശര്‍മയോ എന്ന കാര്യത്തിലായിരുന്നു തര്‍ക്കം. ഒടുവില്‍ ബിജെപി കേന്ദ്രനേതൃത്വം പച്ചക്കൊടി വീശിയത് ഹിമാന്ത ബിശ്വ ശര്‍മയ്ക്ക് നേരെയാണ്.

ഹിമാന്ത ബിശ്വ ശര്‍മ 2015ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. തരുണ്‍ ഗൊഗോയ് സര്‍ക്കാരില്‍ നിന്നും രാജി വെക്കുകയായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ നേതാവ് എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാന്ത ബിശ്വ ശര്‍മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇന്നലെ സോനോവാളും ഹിമാന്തയും ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertising
Advertising

ബിജെപി ഇത്തവണ അസമില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 2016ല്‍ സോനോവാളിനെ മുന്നില്‍നിര്‍ത്തി ആയിരുന്നു പ്രചാരണം. സോനോവാള്‍ കച്ചരി എന്ന ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. 126 അംഗ സഭയില്‍ 60 സീറ്റില്‍ വിജയിച്ചാണ് ബിജെപി സഖ്യം ഇത്തവണ അധികാരം നിലനിര്‍ത്തിയത്.

അസമില്‍ തുടര്‍ഭരണം കിട്ടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയത് ചര്‍ച്ചയായിരുന്നു. ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി പ്രദ്യുത് ബൊര്‍ദലോ വിമര്‍ശിച്ചു. കോവിഡ് സാഹചര്യത്തിലെ പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനാല്‍ പല പ്രധാനപ്പെട്ട തീരുമാനങ്ങളും വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നുമായിരുന്നു നിലവിലെ മുഖ്യമന്ത്രി സോനോവാളിന്‍റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും സര്‍ക്കാര്‍ രൂപീകരണം നീളാന്‍ ഒരു കാരണമാണെന്നും ബിജെപി വക്താവ് രുപം ഗോസ്വാമി പ്രതികരിക്കുകയുണ്ടായി. നിലവിലെ കാവല്‍ മന്ത്രിസഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News