കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ രോഗബാധ ചെറുക്കാന്‍ 'നേസല്‍ വാക്​സിൻ' നിർണായകമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യന്‍ നിര്‍മിത നേസല്‍ വാക്സിന്‍ കുട്ടികൾക്കുള്ള കോവിഡ്​ പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്തിയാകുമെന്നാണ് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെടുന്നത്.

Update: 2021-05-23 11:14 GMT
Advertising

കുട്ടികളിലെ കോവിഡ്​ബാധയെ ചെറുത്തു തോൽപിക്കുന്നതിന് ഇന്ത്യൻ നിർമിത 'നേസൽ കോവിഡ്​ വാക്​സിൻ' ഏറെ സഹായകമാകുമെന്ന്​ ​ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്​ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ​. കോവിഡ്​ മൂന്നാം തരംഗം ഇന്ത്യയിൽ കുട്ടികളെയാണ്​ ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സൗമ്യയുടെ പ്രസ്​താവന​.

ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കോവിഡ്​ പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്തിയാകും. ഇത്​ മൂക്കിലൂടെ ഇറ്റിച്ചു നൽകാൻ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടുമെന്നും ശിശുരോഗ വിദഗ്ദ കൂടിയായ ഡോ. സൗമ്യ സി.എൻ.എൻ ന്യൂസ്​ 18നോട്​ പറഞ്ഞു. സമൂഹ വ്യാപനം കുറയുമ്പോൾ സ്കൂളുകൾ തുറക്കരുതെന്നും അധ്യാപകർക്ക് വാക്സിന്‍ നല്‍കിയാല്‍ അത് സുപ്രധാന ചുവടുവെപ്പായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കുട്ടികൾ രോഗബാധിതരാകാമെന്നും എന്നാല്‍, അവരില്‍ നേരിയ തോതില്‍ മാത്രമെ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവരെ പൊതുവെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞത്. 

അതേസമയം, മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ്​ വാക്​സിന്‍റെ പരീക്ഷണങ്ങൾക്ക്​ അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്​ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിരുന്നു.​ ശരീരത്തിലെത്തി വളരെ വേഗത്തിൽ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നേസൽ വാക്സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ദ അഭിപ്രായം. കൊറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലാണ് നേസൽ വാക്​സിൻ പ്രവർത്തിക്കുക. ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്സിനാണ് നൽകേണ്ടത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News