ലൈംഗിക ചൂഷണം; ചെന്നൈയില്‍ അധ്യാപകർക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്

നിരവധി വിദ്യാർഥിനികളാണ് തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തി മുൻപോട്ട് വരുന്നത്. ഇത്തരം സംഭവങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2021-05-27 10:15 GMT

ഓൺലൈൻ ക്ലാസിൽ തോർത്ത്‌ മാത്രം ഉടുത്ത് സ്‌ക്രീനിൽ വരികയും കുട്ടികൾക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്ത കേസുകളിൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ അധ്യാപകൻ അറസ്റ്റിലായിരുന്നു. കെകെ നഗർ പത്മശേശാദ്രി ബാല ഭവൻ വിദ്യാലയത്തിലെ അധ്യാപകനായ ജി. രാജഗോപാലനെയാണ് പോക്സോ പ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എന്നാൽ അധ്യാപകരുടെ ലൈംഗിക ചൂഷണം തമിഴ്‌നാട്ടിൽ ഒറ്റപ്പെട്ട സംഭാവമല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിദ്യാർഥികളോട് അശ്ലീല പെരുമാറ്റം നടത്തിയതിന് രാജഗോപാലനെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ പരാതികളുമായി മറ്റു സ്കൂളുകളിൽനിന്നടക്കമുള്ള വിദ്യാർഥികളും പൂർവവിദ്യാർഥികളും രംഗത്തെത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മീ ടൂ വെളിപ്പെടുത്തലുകളുമായി കുട്ടികൾ രംഗത്തെത്തിയത്. നിരവധി വിദ്യാർഥിനികളാണ് തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തി മുൻപോട്ട് വരുന്നത്. ഇത്തരം സംഭവങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകൻ പഠിപ്പിക്കുന്ന ഇതേ സ്കൂളിലെ മറ്റു ചില അധ്യാപകർക്കെതിരേയും സമാനമായ പരാതികളുണ്ടായിട്ടുണ്ട്.

Advertising
Advertising

ഇതിനുപിന്നാലെ അധ്യാപകനെ അറസ്റ്റു ചെയ്ത സംഭവത്തിൽ ലൈംഗികാരോപണ പരാതിയുള്ള മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിയിക്കാനായി പൊലീസ് വാട്സാപ് നമ്പർ പ്രസിദ്ധീകരിച്ചിരുന്നു. ഈ നമ്പറിലേക്ക് ഒറ്റ ദിവസം കൊണ്ട് 40ഓളം പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിൽ 25ഓളം പരാതികൾ അതേ സ്‌കൂളിലുള്ള അധ്യാപകർക്കെതിരെയാണെന്നും ബാക്കി വരുന്ന15ഓളം പരാതികൾ മറ്റു സ്കൂളുകളിലെ അധ്യാപകർക്കെതിരെയുള്ളതാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലഭിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അധികൃതർ വ്യക്തമാക്കി.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Similar News