ഓക്സിജന്‍ ക്ഷാമം, കിടക്കകള്‍ നിറഞ്ഞു.. സഹായിക്കണമെന്ന് പ്രധാനമന്ത്രിയോട് കെജ്‍രിവാള്‍

'കഴിവിന്‍റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ സഹായം വേണ'മെന്നാണ് കെജ്‍രിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്

Update: 2021-04-18 11:22 GMT

കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഓക്സിജനും ബെഡുകള്‍ക്കും ക്ഷാമമുണ്ടെന്നാണ് കെജ്‍രിവാള്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ സഹായം തേടി കെജ്‍രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

'കഴിവിന്‍റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ സഹായം വേണ'മെന്നാണ് കെജ്‍രിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്. ഡല്‍ഹിയിലെ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ആശുപത്രികളില്‍ 10000 ബെഡുകളുണ്ട്. ഇതില്‍ 1800 എണ്ണം ആണ് കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഗുരുതര സാഹചര്യം പരിഗണിച്ച് 7000 ബെഡുകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കണമെന്നാണ് കെജ്‍രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമവും പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷായോടും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോടും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്ന് കെജ്‍രിവാള്‍ പറഞ്ഞു. നിലവില്‍ ലഭ്യമായ ഐസിയു ബെഡുകളുടെ എണ്ണം 100 മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി. 25,000ന് മുകളില്‍ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെയാണ് ആശുപത്രികളിലെ കിടക്കകള്‍ നിറഞ്ഞത്. ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമം നേരിട്ടതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, സ്‌കൂളുകള്‍ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താല്‍കാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. വൈകാതെ 6000 കിടക്കകള്‍ തയ്യാറാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെജ്‍രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലത്തേതുപോലെ ഇന്നും ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News