കോവിഡ് വ്യാപനം തടയാനല്ല, ക്രെഡിറ്റ് എടുക്കാനാണ് ഉത്സാഹം: കേന്ദ്രത്തിനെതിരെ അമര്‍ത്യ സെന്‍

'രാജ്യത്ത് സാമൂഹ്യ അസമത്വങ്ങൾ, വളർച്ചാ നിരക്കിലെ ഇടിവ്, തൊഴിലില്ലായ്മ എന്നിവ സര്‍വകാല റെക്കോര്‍ഡിലാണ്'

Update: 2021-06-05 06:17 GMT
Advertising

കോവിഡ് പ്രതിരോധത്തിലെ മോദി സര്‍ക്കാരിന്‌റെ വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യ സെന്‍. കോവിഡ് വ്യാപനം തടയുന്നതിന് പകരം ക്രെഡിറ്റ് ഏറ്റെടുക്കാനാണ് കേന്ദ്രം ഉത്സാഹം കാണിച്ചതെന്ന് അമര്‍ത്യ സെന്‍ വിമര്‍ശിച്ചു.

മരുന്ന് നിര്‍മാണ മേഖലയിലെ വൈദഗ്ധ്യവും ഉയര്‍ന്ന പ്രതിരോധശേഷിയും കണക്കിലെടുത്താല്‍ ഇന്ത്യയ്ക്ക് നല്ല നിലയില്‍ ഈ മഹാമാരിക്കെതിരെ പൊരുതാന്‍ കഴിയുമായിരുന്നുവെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. സര്‍ക്കാരിനുള്ളിലെ ആശയക്കുഴപ്പം കാരണമാണ് ഇന്ത്യക്ക് കരുത്തോടെ മുന്നേറാന്‍ കഴിയാതിരുന്നതെന്നും അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രസേവ ദൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് അമർത്യ സെന്നിന്റെ വിമര്‍ശനം. പ്രതിദിനം 4 ലക്ഷത്തിലധികം കോവിഡ് കേസുകളും 4,500ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. മഹാമാരി പടരാതെ നിയന്ത്രിക്കുന്നതിന് പകരം ക്രെഡിറ്റ് ഏറ്റെടുക്കാനായിരുന്നു കേന്ദ്രത്തിന് ഉത്സാഹം. ഇതൊരുതരം ചിത്തഭ്രമത്തിലേക്ക് നയിച്ചെന്നും അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി.

നല്ല കാര്യങ്ങൾ ചെയ്താൽ അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്ന ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവായ ആഡം സ്മിത്തിന്‍റെ വാക്കുകള്‍ അമര്‍ത്യ സെന്‍ ഉദ്ധരിച്ചു. എന്നാല്‍ ക്രെഡിറ്റ് തേടുന്നത് നല്ലതല്ല. സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചത് അതാണ്. ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രശംസ ലോകമെമ്പാടും സൃഷ്ടിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതേസമയം ഇന്ത്യക്കാരുടെ മേല്‍ പിടിമുറുക്കാന്‍ രോഗത്തിന് അവസരമുണ്ടാക്കുകയും ചെയ്തെന്ന് അമര്‍ത്യ സെന്‍ വിമര്‍ശിച്ചു.

രാജ്യത്ത് സാമൂഹ്യ അസമത്വങ്ങൾ, വളർച്ചാ നിരക്കിലെ ഇടിവ്, തൊഴിലില്ലായ്മ എന്നിവ റെക്കോർഡ് ഉയരങ്ങളിലാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സാമ്പത്തികവും സാമൂഹ്യവുമായ നയങ്ങളിലും സൃഷ്ടിപരമായ മാറ്റം ഉണ്ടാവണമെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News