കോവിഡ്; രണ്ടാം തരംഗത്തിന്‍റെ തീവ്രഘട്ടം മറികടന്നതായി കേന്ദ്രം

350 ജില്ലകളില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Update: 2021-06-02 10:00 GMT
Advertising

രണ്ടാം കോവിഡ് തരംഗത്തിന്‍റെ തീവ്രഘട്ടം മറി കടന്നതായും രോഗ വ്യാപന തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. 

350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളതെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

"നമ്മള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. പരിശോധനകളും ജില്ലാതലത്തിലെ നിയന്ത്രണങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നിരുന്നാലും, ഇത് സുസ്ഥിര പരിഹാരമല്ല. ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തേണ്ടതുണ്ട്," ബല്‍റാം ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. 

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ഒരു പ്രദേശത്ത് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം. ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തിന് മുകളില്‍. ഏപ്രില്‍ അവസാനത്തോടെ ഇത് 600 ജില്ലകളായി ഉയര്‍ന്നിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News