രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി; സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനായ എം.എല്‍.എ രാജിവെച്ചു

കഴിഞ്ഞ വർഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനെതിരെ വിമതസ്വരമുയർത്തിയ ഉപ​മുഖ്യമന്ത്രിയും കോൺഗ്രസ്​ അധ്യക്ഷനുമായിരുന്ന സചിൻ പൈലറ്റിനൊപ്പമുണ്ടായിരുന്ന 19 എം.എൽ.എമാരിൽ ഒരാളാണ്​ ഹേമാറാം ചൗധരി

Update: 2021-05-19 10:56 GMT
Editor : ubaid | By : Web Desk
Advertising

രാജസ്ഥാനില്‍ ഗുണ്ടാമലാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഹേമാറാം ചൗധരി രാജിവെച്ചു.  മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനായ ഹേമാറാമിന്റെ രാജി രാജസ്ഥാനില്‍ പുതിയ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമോ എന്ന ചോദ്യമുയര്‍ത്തിയിരിക്കുകയാണ്. ഹേമറാം ചൗധരി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിട്ടുണ്ട്. രാജി അപേക്ഷയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ വക്താവ് ലോകേഷ് ചന്ദ്ര അറിയിച്ചു. രാജി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ രാജി വെച്ചതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയുളളൂവെന്നാണ് ഹേമാറാ അറിയിച്ചിരിക്കുന്നത്. മാർച്ചിൽ നടന്ന നിയമസഭ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിലെ റോഡ്​ വികസനത്തിലെ വിവേചനം ചൂണ്ടിക്കാട്ടി തങ്ങളും ബി.ജെ.പിയും എന്ത്​ വ്യത്യാസമാണുള്ളതെന്ന്​ ചൗധരി ചോദിച്ചിരുന്നു.

 ''ഹേമാറാം പാർട്ടിയുടെ മുതിർന്നതും ബഹുമാന്യനുമായ നേതാവാണ്​. അദ്ദേഹത്തിന്റെ രാജിയുടെ കാരണം അറിഞ്ഞ ശേഷം മറ്റു തീരുമാനങ്ങൾ അറിയിക്കും. ഞാനദ്ദേഹത്തോട്​ സംസാരിച്ചിരുന്നു. ഇത്​ ഒരു കുടുംബ പ്രശ്​നമാണ്​. അതുടൻ പരിഹരിക്കും'' -സംസ്ഥാന കോൺഗ്രസ്​ അധ്യക്ഷൻ ഗോവിന്ദ്​ സിങ്​ പ്രതികരിച്ചു.

കഴിഞ്ഞ വർഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനെതിരെ വിമതസ്വരമുയർത്തിയ ഉപ​മുഖ്യമന്ത്രിയും കോൺഗ്രസ്​ അധ്യക്ഷനുമായിരുന്ന സചിൻ പൈലറ്റിനൊപ്പമുണ്ടായിരുന്ന 19 എം.എൽ.എമാരിൽ ഒരാളാണ്​ ഹേമാറാം ചൗധരി. ഗെഹ്ലോട്ടിനോട്​ പിണങ്ങി റിസോർട്ടിൽ കഴിഞ്ഞിരുന്ന സചിൻ പൈലറ്റിനെയും അനുകൂലികളെയും ഒടുവിൽ ഹൈക്കമാൻഡ്​ ഇടപെട്ട്​ അനുനയിപ്പിക്കുകയായിരുന്നു.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News