അയോധ്യയിലെ രാമക്ഷേത്രം: അടിത്തറ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ്

'12 മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ക്ഷേത്രനിർമാണം നടക്കുകയാണ്'

Update: 2021-06-01 07:33 GMT

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ നിർമാണം ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ശ്രീ റാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്വീറ്റിലൂടെയാണ് ക്ഷേത്ര നിര്‍മാണം എവിടെ വരെയായെന്ന് വിശദീകരിച്ചത്.

"12 മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഏകദേശം 1.2 ലക്ഷം ചതുരശ്ര മീറ്റർ ഭൂമി കുഴിച്ചു. അടിത്തറ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ശ്രീരാമന്‍റെ അനുഗ്രഹം കൊണ്ട് തൊഴിലാളികള്‍ക്കും എഞ്ചിനീയർമാര്‍ക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല"- ശ്രീറാം ജൻമഭൂമി തീർഥ് ട്രസ്റ്റ് അറിയിച്ചു.

Advertising
Advertising

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മൂന്ന് വർഷത്തിനുള്ളിൽ പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ് നേരത്തെ അറിയിക്കുകയുണ്ടായി. രണ്ടര ഏക്കറിലാണ് നിര്‍മാണം. ക്ഷേത്രത്തിന് ചുറ്റും മതിൽ നിർമിക്കും. വെള്ളപ്പൊക്കമുണ്ടായാല്‍ ആഘാതം ചെറുക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മാണം. രാമക്ഷേത്ര നിര്‍മാണത്തിന് വീടുകളിലെത്തി സംഭാവന സ്വീകരിക്കുന്നത് കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഭക്തര്‍ക്ക് ട്രസ്റ്റിന്‍റെ വെബ്സൈറ്റ് വഴി സംഭാവന ഇപ്പോഴും നല്‍കാമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണെന്നും ട്രസ്റ്റ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ നടത്തിയത്. മഹത്തായ ഒരു അധ്യായം ആരംഭിക്കുകയാണെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. നൂറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആഗ്രഹമാണ് സഫലമാകുന്നതെന്നും എല്ലാവരും ആവേശഭരിതരാണെന്നും പ്രധാനമന്ത്രി ഭൂമിപൂജയ്ക്ക് ശേഷം പറയുകയുണ്ടായി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News