കോണ്‍ഗ്രസിനെ ഇനി നയിക്കുമോ? രാഹുലിന്‍റെ മറുപടി..
പാര്‍ട്ടിയെ ആര് നയിക്കണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാന്‍ സംഘടനാ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയെ ആര് നയിക്കണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കും. തന്നോട് പാര്‍ട്ടി എന്ത് ആവശ്യപ്പെടുന്നോ അതുപോലെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനാ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തും. ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് കോവിഡ് മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ്. രോഗവ്യാപനം പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. ബാക്കിയെല്ലാം സമയത്തിന് നടക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരുമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസിലെ തിരുത്തല്‍ വാദികള്‍ കുറച്ചു മാസങ്ങളായി ആവശ്യപ്പെടുന്നത് പാര്‍ട്ടിയെ നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്തണമെന്നാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈ ആവശ്യം ഉന്നയിച്ച് ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിലുള്ള 23 നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷക്ക് കത്തയക്കുകയുണ്ടായി. കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വം വേണമെന്നായിരുന്നു ആവശ്യം. ഈ വര്‍ഷം ജൂണോടെ കോണ്‍ഗ്രസിന് പുതിയ പ്രസിഡന്‍റുണ്ടാകുമെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ അറിയിക്കുകയുണ്ടായി.