കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള കുറയ്ക്കാന്‍ സാധ്യത

ഇടവേള എട്ടാഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ദാഭിപ്രായം.

Update: 2021-06-16 05:46 GMT
Advertising

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു. ഇടവേള എട്ടാഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ദാഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യത.

യു.കെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ് കോവിഷീല്‍ഡ‍ിന്‍റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു മുതല്‍ 12 ആഴ്ചവരെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനു മൂന്നു ദിവസങ്ങള്‍ക്കു ശേഷം യു.കെ അമ്പത് വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനുള്ള ഇടവേള 12ല്‍ നിന്ന് എട്ടാഴ്ചയായി കുറച്ചിരുന്നു. കോവിഡ് വൈറസിന്‍റെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഇത്. 

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കോവിഷീല്‍ഡ് രണ്ടു ഡോസ് എടുത്തവരില്‍ 92ശതമാനം പേരും രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍. ഒരു ഡോസ് എടുത്തവരില്‍ 71ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 

അതേസമയം, ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് വ്യക്തത കൈവന്നാല്‍ കേന്ദ്ര കോവിഡ് വിദഗ്ദ സമിതിയായ എൻ.ഇ.ജി.വി.എ.സി (നാഷനൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് 19) തീരുമാനമെടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.   

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News