ബാബരി പള്ളി തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്​ജിയെ ഉപ​ ലോകായുക്തയായി നിയമിച്ചു

ജഡ്​ജി സുരേന്ദ്ര കുമാർ യാദവിനെയാണ്​ വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്

Update: 2021-04-13 04:11 GMT

ബാബരി മസ്​ജിദ്​ തകർത്ത കേസിൽ ബി.ജെ.പി നേതാവ്​ എൽ.കെ. അദ്വാനി അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട റിട്ട. സി.ബി.ഐ ജഡ്​ജിയെ ഉത്തർപ്രദേശ്​ സർക്കാർ ഉപ ലോകായുക്തയായി നിയമിച്ചു. ജഡ്​ജി സുരേന്ദ്ര കുമാർ യാദവിനെയാണ്​ വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്​.

യാദവിനെ മൂന്നാം ഉപ ലോകായുക്തയായി ഗവർണർ ഏപ്രിൽ 6ന്​ നിയമിച്ചിരുന്നു. ലോകായുക്​ത സഞ്​ജയ്​ മിശ്ര മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റുവെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. സി.ബി.ഐ പ്രത്യേക കോടതി ജഡ്​ജി ആയിരിക്കെ ബാബരി പള്ളി തകർത്ത കേസിൽ 2020 സെപ്​തംബര്‍ 30നാണ് എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്​ എന്നിവരടക്കം 32 പ്രതികളെയും ​വെറുതെവിട്ട് വിധി പ്രസ്​താവിച്ചത്.

പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി, അധികാരദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കുന്ന സ്​റ്റാറ്റ്യൂട്ടറി അതോറിറ്റിയായ ലോകായുക്തയിൽ ഒരു ലോകായുക്തയും മൂന്ന്​ ഉപ ലോകായുക്തമാരുമാണ്​ ഉണ്ടാവുക. 2016 ആഗസ്ത് 4 ന് നിയമിതനായ ശംഭു സിംഗ് യാദവ്, 2020 ജൂൺ 6ന് നിയമിതനായ ദിനേശ് കുമാർ സിംഗ് എന്നിവരാണ് മറ്റ് രണ്ട് ലോകായുക്തകൾ. എട്ടു വർഷമാണ്​ കാലാവധി.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News