ഭക്ഷണം കഴിഞ്ഞാലുടൻ മധുരം കഴിക്കാനുള്ള കൊതിയുണ്ടോ? ഈ പോഷകത്തിന്റെ കുറവാകാം!

ഭക്ഷണം കഴിച്ചു കഴിഞ്ഞാലുടൻ എന്തെങ്കിലും മധുരം കഴിക്കണമെന്ന് തോന്നുന്നത് പലർക്കുമൊരു പതിവാണ്

Update: 2026-04-09 17:23 GMT

എന്ത് കഴിച്ചാലും അവസാനം വായ മിനുക്കാൻ മധുരമുള്ളതെന്തെങ്കിലും കഴിച്ചേ പറ്റൂ എന്ന ശീലമുള്ളവരാണോ? ഭക്ഷണം കഴിച്ചു കഴിഞ്ഞാലുടൻ എന്തെങ്കിലും മധുരം കഴിക്കണമെന്ന് തോന്നുന്നത് പലർക്കുമൊരു പതിവാണ്. എന്നാൽ മധുരത്തോടുള്ള ഈ ആഗ്രഹം കേവലം ഒരു ശീലം മാത്രമല്ല. ശരീരത്തിനുള്ളിൽ നടക്കുന്ന ചില രാസമാറ്റങ്ങളുടെയോ പോഷകക്കുറവിന്റെയോ സൂചനയാകാം. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് മധുരം കഴിക്കാനുള്ള പ്രേരണയുണ്ടാക്കുന്നതിന് ഒരു കാരണമാണ്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് അമിതമായടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ അളവ് വർധിക്കുന്നു. ഇത് പിന്നീട് രക്തത്തിലെ പഞ്ചസാര കുറയാൻ കാരണമാകുന്നു. ഈ കുറവ് നികത്താനാണ് ശരീരം മധുരത്തിനായി കൊതിക്കുന്നത്.

Advertising
Advertising

മധുരം കഴിക്കാനുള്ള പ്രേരണയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മഗ്നീഷ്യം എന്ന പോഷകത്തിന്റെ കുറവാണ്. ശരീരത്തിലെ മുന്നൂറിലധികം രാസപ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം അത്യാവശ്യമാണ്. ഇൻസുലിൻ പ്രവർത്തനത്തെയും ഗ്ലൂക്കോസ് നിലയെയും നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നു. ശരീരത്തിൽ ഈ പോഷകം കുറയുമ്പോൾ ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ പ്രയാസം നേരിടുന്നു. ഇത് മധുരത്തോടുള്ള അമിതമായ ആഗ്രഹത്തിന് വഴിമാറുന്നു. കൂടാതെ സിങ്ക്, ക്രോമിയം തുടങ്ങിയ ധാതുക്കളുടെ കുറവും ഇത്തരം ലക്ഷണങ്ങൾ കാണിക്കാം. അതിനാൽ വിട്ടുമാറാത്ത മധുരക്കൊതി ഉള്ളവർ പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പച്ചക്കറികൾ, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മഗ്നീഷ്യത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

മാനസികമായ സമ്മർദവും ഉറക്കക്കുറവും മധുരത്തോടുള്ള ആഗ്രഹം വർധിപ്പിക്കുന്ന മറ്റൊരു കാരണമാണ്. സമ്മർദം ഉണ്ടാകുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ ശരീരത്തിന് പെട്ടെന്ന് ഊർജം ആവശ്യമാണെന്ന തോന്നലുണ്ടാക്കുന്നു. ഇത് ലഘുഭക്ഷണങ്ങളോ മധുരമോ തേടിപ്പോകാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഉറക്കമില്ലായ്മ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നുതു വഴി അസമയത്ത് ഭക്ഷണം കഴിക്കാനും മധുരത്തോടുള്ള താല്പര്യം കൂടാനും കാരണമാകുന്നു. കൃത്യമായ ഉറക്കവും മാനസികാരോഗ്യവും ഭക്ഷണക്രമത്തെ സ്വാധീനിക്കുന്നുണ്ടെന്നർഥം. സന്തോഷം നൽകുന്ന ഹോർമോണായ സെറോടോണിന്റെ അളവ് കുറയുമ്പോഴും മധുരം കഴിക്കാൻ തോന്നാം.

ഭക്ഷണത്തിൽ പ്രോട്ടീന്റെയും നാരുകളുടെയും കുറവുണ്ടാകുന്നതും മധുരക്കൊതിക്ക് കാരണമാകാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം കൂടുതൽ സമയം നിലനിർത്തുന്നു. ഇത് ഭക്ഷണത്തിന് ശേഷമുള്ള മധുരത്തോടുള്ള ആഗ്രഹം കുറയ്ക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു. ദഹനപ്രക്രിയ സാവധാനത്തിലാക്കാൻ നാരുകൾ സഹായിക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും തെറ്റായ ഭക്ഷണക്രമവും ഈ പ്രശ്നം ഗുരുതരമാക്കാം. വെള്ളം കുടിക്കുന്നത് കുറയുമ്പോഴും ശരീരം വിശപ്പിന് സമാനമായ സൂചനകൾ നൽകാറുണ്ട്. നിർജലീകരണം പലപ്പോഴും മധുരം കഴിക്കാനുള്ള ആഗ്രഹമായി തെറ്റിദ്ധരിക്കപ്പെടാം.

ഈ പ്രശ്നം പരിഹരിക്കാൻ ലളിതമായ ചില മാറ്റങ്ങൾ ജീവിതശൈലിയിൽ വരുത്താം. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും മുഴുധാന്യങ്ങളും ഉൾപ്പെടുത്തുക. മഗ്നീഷ്യം ധാരാളമായി അടങ്ങിയ ചീര, ബദാം, കറുത്ത പയർ വർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നത് ഗുണകരമാണ്. മധുരം കഴിക്കാൻ തോന്നുമ്പോൾ കൃത്രിമ മധുരത്തിന് പകരം പഴങ്ങൾ തിരഞ്ഞെടുക്കാം. പഴങ്ങളിലെ നാരുകൾ പഞ്ചസാര പെട്ടെന്ന് രക്തത്തിൽ കലരുന്നത് തടയുന്നു. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് തലച്ചോറിന് വയർ നിറഞ്ഞെന്ന സൂചന നൽകാൻ സഹായിക്കും. ഇത് അനാവശ്യമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാൻ ഉപകരിക്കും. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

കൃത്യമായി പറഞ്ഞാൽ മധുരം കഴിക്കാനുള്ള അമിതമായ ആഗ്രഹം ശരീരത്തിന്റെ ഒരു മുന്നറിയിപ്പാണ്. അത് ശരിയായ രീതിയിൽ മനസ്സിലാക്കി പ്രതികരിക്കുക എന്നതാണ് പ്രധാനം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ വലിയൊരളവ് വരെ പരിഹരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഒരുപോലെ സംരക്ഷിക്കാൻ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗാവസ്ഥ മൂലമാണോ ഇത്തരം ലക്ഷണങ്ങൾ എന്ന് ഡോക്ടറുടെ സഹായത്തോടെ പരിശോധിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ മികച്ചൊരു ജീവിതശൈലിക്ക് അടിത്തറയാകട്ടെ.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News