അഭയാർഥി കുട്ടികളുടെ കോവിഡ്കാല ജീവിത നിലവാരം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് കോടതിയുടെ നിർദേശം

കോവിഡ് മഹാമാരിക്കിടെ അകപ്പെട്ട അഭയാർഥികളായ കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടില്ലെന്ന് ചൈൽഡ് റൈറ്റ് ട്രസ്റ്റ് കോടതിയില്‍ പറഞ്ഞു

Update: 2021-04-13 15:45 GMT
Editor : Suhail
Advertising

കോവിഡ് ദുരിതത്തിലകപ്പെട്ട അഭയാർഥി കുട്ടികളുടെയും അഭയാർഥി തൊഴിലാളികളുടെ മക്കളുടെയും ജീവിത നിലവാരത്തെ കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം. ചൈൽഡ് റൈറ്റ് ട്രസ്റ്റ് എന്ന എൻ.ജി.ഒ സമർപ്പിച്ച ഹരിജയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർദേശമെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

എ.എസ് ബൊപ്പണ്ണയും വി രാമസുബ്രമണ്യവും ഉൾപ്പെടുന്ന ബെഞ്ചിന്റേതാണ് നിർദേശം. കോവിഡ് മഹാമാരിക്കിടെ അകപ്പെട്ട അഭയാർഥികളായ കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടില്ലെന്ന് ട്രസ്റ്റ് കോടതിയില്‍ പറഞ്ഞു. ഭക്ഷണം, ആരോ​ഗ്യം, വിദ്യഭ്യാസം, താമസം എന്നിവ കുട്ടികൾക്ക് നിഷേധിക്കപ്പെട്ടു. കുട്ടികളിൽ അധികം പേരുടെയും ഈ കാലയളവിലെ ജീവിത സാഹചര്യം ശോചനീയമായിരുന്നുവെന്നും എൻ.ജി.ഒ പറഞ്ഞു.

മൂന്ന് തരം അഭയാർഥി കുട്ടികളാണുള്ളത്. സ്വന്തം നാട്ടിൽ ഒറ്റപ്പെട്ട് പോയ അഭയാർഥി തൊഴിലാളികളുടെ മക്കൾ, മാതാപിതാക്കൾക്കൊപ്പം തൊഴിലിടത്തേക്ക് പോയവർ, സ്വയം അഭയാർഥി തൊഴിലാളികളായവർ. ഇതിൽ കോവിഡ് കാലത്തും ഇഷ്ടിക കളത്തിലും, ക്രഷറികളിലും മില്ലുകളിലും ജോലിയെടുത്ത കുട്ടികളുണ്ടെന്ന് ചൈൽഡ് റൈറ്റ് ട്രസ്റ്റ് പറഞ്ഞു.

മാർച്ച് 25ന് പൊടുന്നനെ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് വൻ ന​ഗരങ്ങളിൽ നിന്ന് അഭയാർഥി തൊഴിലാളികളുടെ ഭീകരമായ പലായനത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായിരുന്നു. തൊഴില്‍ ഇല്ലാതായതോടെ സ്വന്തം നാടുകളിലേക്ക് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം കാൽനടയായി പലായനം ചെയ്തവരിൽ ചിലർ വഴിമധ്യേ മരിച്ച് വീഴുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തിൽ മരിച്ചവരുടെ വിവരം ലഭ്യമല്ല എന്നായിരുന്നു സർക്കാർ പാർലമെന്റിൽ പറഞ്ഞത്.

Tags:    

Editor - Suhail

contributor

Similar News