തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; മെയ് 31 വരെ കര്‍ശന നിയന്ത്രണങ്ങള്‍

നിലവിലെ ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.

Update: 2021-05-22 11:42 GMT

കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. നിലവിലെ ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. മെയ് 31വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. ആരോഗ്യ വിദഗ്ദരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.

ഇന്നും നാളെയും രാത്രി ഒമ്പതുവരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുഗതാഗതവും ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ സമാഹരിക്കുന്നതിനു വേണ്ടിയാണിത്. അതേസമയം, 24 മുതല്‍ ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കൂടാതെ പാല്‍,പത്രം,കുടിവെള്ള വിതരണം എന്നിവയ്ക്കും ഇളവു നല്‍കിയിട്ടുണ്ട്.

Advertising
Advertising

ചെന്നൈയിലും മറ്റ് ജില്ലകളിലും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പച്ചക്കറികളും പഴങ്ങളും വാഹനങ്ങളിലൂടെ വിതരണം ചെയ്യും. സെക്രട്ടേറിയേറ്റ് പോലുള്ള അവശ്യ വകുപ്പുകള്‍ പ്രവര്‍ത്തിക്കും. സ്വകാര്യസ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐ.ടി/ ഐ.ടി. എനേബിള്‍ഡ് സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വൈദ്യസഹായത്തിനും മരണവുമായി ബന്ധപ്പെട്ടുമുള്ള അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഇ- രജിസ്ട്രേഷന്‍ ആവശ്യമാണ്. വൈദ്യസഹായത്തിന് ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കുന്നതിന് രജിസ്ട്രേഷന്‍റെ ആവശ്യമില്ല. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ ഇ- കൊമേഴ്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. കാര്‍ഷികോത്പന്നങ്ങളുടെ നീക്കത്തിന് തടസ്സമുണ്ടാകില്ല. ചരക്കുനീക്കവും അവശ്യവസ്തുക്കളുടെ നീക്കവും അനുവദനീയമാണ്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News