ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം; പെട്രോള്‍ ഊറ്റി നാട്ടുകാര്‍, ഡ്രൈവറെ രക്ഷിക്കാന്‍ മറന്നു- വീഡിയോ

ഗ്വാളിയാറില്‍ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അമിത വേഗതയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

Update: 2021-06-18 06:10 GMT

ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍, പെട്രോള്‍ ഊറ്റുന്ന തിരക്കിനിടയില്‍ നാട്ടുകാര്‍ ഡ്രൈവറെ രക്ഷിക്കാന്‍ മറന്നു. ഡ്രൈവര്‍ക്കും സഹായിക്കും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തില്‍ തന്നെ കിടക്കേണ്ടി വരികയായിരുന്നു. 

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറില്‍ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അമിത വേഗതയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. ഇതിനു പിന്നാലെ കന്നാസിലും കുപ്പികളിലുമൊക്കെയായി നാട്ടുകാര്‍ പെട്രോള്‍ ഊറ്റിക്കൊണ്ടുപോവുകയായിരുന്നു. പെട്രോളിന് ലിറ്ററിന് 106 രൂപയാണ് ഇവിടെ വില. 

Advertising
Advertising

സമീപത്തെ സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തിയെങ്കിലും പെട്രോള്‍ ഊറ്റലില്‍ നിന്ന് നാട്ടുകാരെ തടയാനായില്ല. സമീപ ഗ്രാമത്തില്‍ നിന്നുപോലും ആളുകള്‍ പെട്രോള്‍ ശേഖരിക്കാനെത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് പെട്രോൾ- ഡീസൽ വില കുതിച്ചുയരുകയാണ്. പെട്രോളിന്​ 26- 27 പൈസയും ഡീസലിന്​ 28- 30 പൈസയുമാണ്​ വർധിപ്പിച്ചത്​. മുംബൈയിൽ ഇന്ന് പെട്രോൾ വില 103 കടന്നു.

മഹാരാഷ്ട്രയ്ക്ക് പുറമെ രാജസ്​ഥാൻ, മധ്യപ്രദേശ്​, ആന്ധ്രപ്രദേശ്​, തെലങ്കാന, ലഡാക്ക്​, കർണാടക എന്നിവിടങ്ങളിലാണ് പെട്രോള്‍ വില സെഞ്ച്വറിയടിച്ചത്. കേരളത്തില്‍ പെട്രോള്‍ വില നൂറിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി. ഡീസലിന് 94.23 ആയി. കൊച്ചിയില്‍ പെട്രോളിന് 97.15 ഉം ഡീസലിന് 92.52രൂപയുമാണ് വില. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News