സ്‌കൂളുകൾ എന്ന് തുറക്കും? സർക്കാറിന് പറയാനുള്ളത്

കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍.

Update: 2021-06-19 09:04 GMT

രാജ്യത്തെ സ്കൂളുകള്‍ എപ്പോള്‍ തുറക്കുമെന്നതില്‍ വിശദീകരണവുമായി കേന്ദ്രം. അധ്യാപകരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷമേ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം. അധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരിയുടെ അപകടസാധ്യത അകന്നുവെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നും പോള്‍ പറഞ്ഞു.

Advertising
Advertising

സ്‌കൂളുകള്‍ വീണ്ടും തുറക്കുകയെന്നത് കുട്ടികളെ സംബന്ധിക്കുന്ന വിഷയം മാത്രമല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉള്‍പ്പെട്ടതാണ്. അതിനാല്‍, വൈറസ് വകഭേദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളില്‍ കോവിഡിന്റെ തീവ്രത കുറവാണ്, എന്നാല്‍ നാളെ ഗുരുതരമായാല്‍ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. കോവിഡ് ഒന്നാംതരംഗം അവസാനിച്ചതിനു പിന്നാലെ ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗം ആരംഭിച്ചതിനു പിന്നാലെ ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറുകയായിരുന്നു. 

അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറു മുതൽ എട്ടാഴ്ചയ്ക്കുള്ളില്‍ സംഭവിക്കുമെന്നാണ് എയിംസ് മേധാവി നല്‍കുന്ന മുന്നറിയിപ്പ്. മൂന്നാം തരംഗം ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വീണ്ടും തുറന്നതോടെ കോവിഡ്​ മുൻകരുതൽ കുറഞ്ഞത്​ വില്ലനാവുകയാണ്. ഒന്നാം തരംഗം കഴിഞ്ഞുള്ള ഇടവേളയിൽ നിന്ന്​ നാം പാഠമുൾക്കൊണ്ടില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News