സാധ്യമായവര്‍ പണം നല്‍കി വാക്സിന്‍ ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി

വാക്സിൻ സൗജന്യമായി നൽകാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാ​ഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

Update: 2021-04-26 08:41 GMT
Editor : Suhail | By : Web Desk
Advertising

സ്വകാര്യ ആശുപത്രിയുടെ നിരക്കിൽ കോവിഡ് വാക്സിൻ എടുക്കാൻ കഴിയുന്നവർ അപ്രകാരം തന്നെ കുത്തിവെപ്പ് എടുക്കാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ. സംസ്ഥാനങ്ങളുടെ ഭാരം കുറക്കാൻ അത് സഹായകരമായിരിക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പുതിയ വാക്സിൻ നയത്തിൽ അനാവശ്യമായി ആശങ്ക പരത്തുന്ന സംസ്ഥാനങ്ങളെ മന്ത്രി വിമർശിക്കുകയും ചെയ്തു.

മെയ് ഒന്ന് മുതല്‍ ആരംഭിക്കുന്ന വാക്സിനേഷനില്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും സ്വന്തം നിലക്ക് വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ വാക്സിൻ നയത്തിനെതിരെ സംസ്ഥാനങ്ങൾ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

400 രൂപയാണ് കോവിഷീല്‍ഡിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇതേ വാക്സിൻ ലഭിക്കാൻ 600 രൂപ നൽകണം. അതേ സമയം ഭാരത് ബയോടെകിന്‍റെ കോ വാക്സിന് സംസ്ഥാനങ്ങള്‍ കൊടുക്കേണ്ടത് 600 രൂപയാണെങ്കില്‍ 1600 രൂപയ്ക്കാണ് പ്രൈവറ്റ് ആശുപത്രികള്‍ കോ വാക്സിന്‍ വാങ്ങിക്കുന്നത്.

ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്രത്തിനും, ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി ഓപ്പൺ മാർക്കറ്റിൽ വിൽക്കാനും അനുമതിയുണ്ട്. ഇത് സംസ്ഥാനങ്ങൾക്ക് വിപണിയിൽ നിന്ന് നേരിട്ട് വാക്സിൻ സംഭരിക്കാനും വില നിർണയത്തിൽ ഇടപെടാനും അവസരം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ ശേഖരിക്കുന്ന ഡോസിന്റെ അളവനുസരിച്ച് വില നിശ്ചയിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്സിൻ സൗജന്യമായി നൽകാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാ​ഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. വാക്സിൻ എല്ലാവരിലും എത്തിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. വാക്സിൻ വിതരണത്തിൽ പരിധി വെക്കരുത് എന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്നും ഹർഷ് വർധൻ പറഞ്ഞു.

കേരളത്തിന് പുറമെ, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, ഹരിയാണ, സിക്കിം, ബം​ഗാൾ, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളും 18 മുതൽ 45 വരെയുള്ളവർക്ക് സൗജന്യ വാക്സിൻ പ്രഖ്യാപിച്ചിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News