ബി.1.617 ഇന്ത്യൻ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞിട്ടില്ല: കേന്ദ്ര സര്‍ക്കാര്‍

വൈറസിനെയോ വകഭേദത്തെയോ രാജ്യങ്ങളുടെ പേരില്‍ വിശേഷിപ്പിക്കാറില്ലെന്ന് ഡബ്ല്യു.എച്ച്.ഒ.

Update: 2021-05-12 11:38 GMT
Advertising

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും 'ഇന്ത്യന്‍' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യന്‍ വേരിയന്‍റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, വൈറസിനെയോ വകഭേദത്തെയോ രാജ്യങ്ങളുടെ പേരില്‍ വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ  ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന ആഗോള ആശങ്കയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. ഇരട്ട ജനിതക മാറ്റം വന്ന വകഭേദമായാണ് ഈ വൈറസിനെ കണക്കാക്കുന്നത്.

44 രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഈ വകഭേദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ വർധിക്കാൻ കാരണം പുതിയ വകഭേദമാണെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News