ധൈര്യമുണ്ടെങ്കില്‍ ആമിര്‍ ഖാനെതിരെയും പരാതിപ്പെടണം: 'സത്യമേവ ജയതേ' ടോക്- ഷോ വിഡിയോ പങ്കുവെച്ച് രാംദേവ്

മരുന്നുകളുടെ അമിത വിലയെ കുറിച്ച് പരാമാര്‍ശിക്കുന്ന എപ്പിസോഡ് ചൂണ്ടിക്കാട്ടിയാണ് രാംദേവിന്‍റെ വെല്ലുവിളി.

Update: 2021-05-29 16:20 GMT

അലോപ്പതിക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള പോര് തുടരുന്നു. തനിക്കെതിരെ പരാതിപ്പെട്ട 'മെഡിക്കൽ മാഫിയ' ധൈര്യമുണ്ടെങ്കിൽ ബോളിവുഡ് നടൻ ആമിർ ഖാനെതിരെയും പരാതിപ്പെടണമെന്ന വെല്ലുവിളിയുമായാണ് രാംദേവ് രംഗത്ത് വന്നിരിക്കുന്നത്.  2012ൽ സ്റ്റാർപ്ലസ് ചാനലിൽ ആമിർ ഖാൻ അവതരിപ്പിച്ച 'സത്യമേവ ജയതേ' ടോക്  ഷോയുടെ വിഡിയോയും രാംദേവ് ട്വിറ്ററില്‍ പങ്കുവെച്ചു. 

ആമിർ ഖാൻ അവതാരകനായ 'സത്യമേവ ജയതേ'യിൽ ഡോ. സമിത് ശർമ പങ്കെടുത്ത എപ്പിസോഡാണ് രാംദേവ് പങ്കുവെച്ചിരിക്കുന്നത്. മരുന്നുകളുടെ അമിത വിലയെ കുറിച്ചാണ് ഇതില്‍ ഡോക്ടർ സംസാരിക്കുന്നത്. 

Advertising
Advertising

പല മരുന്നുകളുടെയും യഥാർഥ വില, ഈടാക്കുന്നതിലും എത്രയോ കുറവാണെന്ന് ഡോ. ശര്‍മ വിഡിയോയില്‍ പറയുന്നുണ്ട്. 10 മുതൽ 50 ശതമാനം വരെ നികുതി നൽകുകയാണ്. രണ്ടു നേരം ഭക്ഷണം കഴിക്കാൻ വകയില്ലാത്ത ഇന്ത്യയിലെ 40 കോടി ജനങ്ങൾക്ക് ഇത്ര വലിയ വില കൊടുത്ത് മരുന്ന് വാങ്ങാൻ കഴിയുമോയെന്നും ഡോക്ടർ ചോദിക്കുന്നു. 

'ഉയർന്ന വില കാരണം ഒരുപാട് പേർക്ക് മരുന്നുകൾ വാങ്ങാൻ കഴിയുന്നില്ല അല്ലേ,' എന്നാണ് ആമിര്‍ ഖാന്‍റെ മറുചോദ്യം. അമിത വില കാരണം ഇന്ത്യയിൽ 65 ശതമാനം ആളുകൾക്കും അവശ്യ മരുന്നുകൾ വാങ്ങാനാവുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളെന്ന് ഡോക്ടർ ഇതിന് മറുപടിയും നല്‍കുന്നുണ്ട്. 

ഈ ചര്‍ച്ച ചൂണ്ടിക്കാട്ടിയാണ് രാംദേവിന്‍റെ വെല്ലുവിളി. അലോപ്പതി മരുന്നുകൾ ആളെക്കൊല്ലുന്നുവെന്ന രാംദേവിന്‍റെ പ്രസ്താവനയാണ് നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. രാംദേവിനെതിരെ ലീഗല്‍നോട്ടീസയച്ച് ഐ.എം.എ പ്രതികരിച്ചപ്പോള്‍ വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്ക് പോയി. ഇതിനു പിന്നാലെ കേന്ദ്ര സർക്കാറും തള്ളിപ്പറഞ്ഞതോടെ രാംദേവിന് തന്‍റെ പ്രസ്താവന പിൻവലിക്കേണ്ടിയും വന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News