290 പേര്‍ മരിച്ച ഗൈസാൽ ട്രെയിന്‍ അപകടം; നിതീഷ് കുമാറിന്‍റെ രാജി... 1999ല്‍ നടന്നത്

290 പേരുടെ മരണത്തിനിടയാക്കിയ ഗൈസാൽ ട്രെയിനപകടത്തിന് പിന്നാലെ അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു.

Update: 2023-06-03 09:09 GMT

നിതീഷ് കുമാര്‍, ഗൈസാൽ ട്രെയിന്‍ അപകടം

രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് 290 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തമാണ് ഗൈസാൽ ട്രെയിന്‍ അപകടം. 1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസാൽ എന്ന സ്ഥലത്തുവെച്ചായിരുന്നു രാജ്യത്തെ മുഴുവന്‍ നടുക്കിയ ട്രെയിന്‍ കൂട്ടിയിടി നടക്കുന്നത്. 

ഒഡീഷയില്‍ ഇന്നലെ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ റെയില്‍വേ മന്ത്രി അശ്വിന് വൈഷ്ണവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നതും ഇതേ അപകടമാണ്. അന്ന് ഗൈസാല്‍ ട്രെയിന്‍ അപകടത്തിന് പിന്നാലെ ബി.ജെ.പി ക്യാബിനറ്റില്‍ റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് അശ്വിനി വൈഷ്ണവിന്‍റെയും രാജി വേണമെന്ന ആവശ്യമുയരുന്നത്.

Advertising
Advertising

ഗൈസാൽ ട്രെയിന്‍ അപകടം

സിഗ്നലിങ്ങിലെ പിശക് കാരണം എതിര്‍ദിശയില്‍ വന്ന ബ്രഹ്മപുത്ര മെയിലും അവധ് അസം എക്സ്പ്രസും ഗൈസാൽ സ്റ്റേഷനില്‍ വെച്ച് കൂട്ടിയിടിച്ചാണ് ഗൈസാൽ ട്രെയിന്‍ അപകടം സംഭവിക്കുന്നത്. 2,500ഓളം ആളുകള്‍ രണ്ട് ട്രെയിനുകളിലുമായി ഉണ്ടായിരുന്നതായാണ് അന്ന് പുറത്തുവന്ന കണക്കുകള്‍. ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച അപകടത്തില്‍ 290 പേർ മരിക്കുകയും ചെയ്തു.

റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സ്റ്റഷനിലെ നാല് ട്രാക്കുകളിൽ മൂന്നെണ്ണവും അടച്ചിട്ടിരിക്കുകയായിരുന്നു.. ഒരു ട്രാക്ക് മാത്രമായിരുന്നു അന്ന് സഞ്ചാരയോഗ്യമായിരുന്നത്. അവിടെ സിഗ്നല്‍ കൊടുക്കുന്നതില്‍ സംഭവിച്ച പിഴവ് വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ഒരേ ട്രാക്കില്‍ വിപരീത ദിശയില്‍ അതിവേഗത്തിലെത്തിയ ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചു. ആ കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനുകൾ ശരിക്കും പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പഴയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാം.

രാജിവെച്ച് റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ 

290 പേരുടെ മരണത്തിനിടയാക്കിയ ഗൈസാൽ ട്രെയിനപകടത്തിന് പിന്നാലെ അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. മൂന്നാം അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്‍റെ കാലത്തായിരുന്നു ആ അപകടം. അപകടത്തിന് പിന്നാലെ ഉത്തരവാദിത്തമേറ്റെടുത്ത് സമതാ പാര്‍ട്ടിയില്‍ നിന്നുള്ള കേന്ദ്രറെയില്‍വേ മന്ത്രിയായ നിതീഷ് കുമാര്‍ രാജിവെക്കുകയായിരുന്നു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News